
തിരുവനന്തപുരം: വള്ളക്കടവിൽ രാത്രി ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അധ്യാപികയുടെ സ്വർണ്ണമാല കവർന്ന സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്നംഗ സംഘം പിടിയിലായി. കോട്ടമൻപാറ സീതത്തോട് സ്വദേശികളായ നന്ദു (19), അദ്വൈത് (19), ഇവരോടൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത കൗമാരക്കാരൻ എന്നിവരാണ് പോലീസിന്റെ വലയിലായത്.
ഓഗസ്റ്റ് 18-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. വഴിയിലൂടെ നടന്നുപോകുകയായിരുന്ന അധ്യാപികയെ ബൈക്കിലെത്തിയ സംഘം വഴിതടഞ്ഞുനിർത്തി സ്വർണ്ണമാല പൊട്ടിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം പ്രതികൾ സഞ്ചരിച്ച ബൈക്കിന്റെ നമ്പർ അധ്യാപിക സമയോചിതമായി പോലീസിന് കൈമാറിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
സംഭവം നടന്ന് ദിവസങ്ങൾക്കകം പ്രതികൾ തൃപ്പൂണിത്തുറയിൽ ഒളിവിലാണെന്ന് കണ്ടെത്തിയ പോലീസ് സംഘം അവിടെയെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.മോഷ്ടിച്ച മാല തിരുവനന്തപുരം ചാലയിലെ പ്രമുഖ സ്വർണ്ണക്കടയിലാണ് പ്രതികൾ വിറ്റത്. കടയിൽ നിന്ന് മാല പോലീസ് വീണ്ടെടുത്തു.മാല വിറ്റു കിട്ടിയ പണം ഉപയോഗിച്ച് പ്രതികൾ രണ്ട് വിലകൂടിയ ഐഫോണുകൾ വാങ്ങി ആഡംബര ജീവിതം നയിക്കുകയായിരുന്നു.
കൃത്യത്തിനായി ഉപയോഗിച്ച ബൈക്കും ഇവരിൽ നിന്ന് വാങ്ങിയ ഐഫോണുകളും പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ മുതിർന്ന രണ്ട് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്തയാളെ ജുവനൈൽ ബോർഡിന് മുന്നിൽ ഹാജരാക്കി