
തിരുവനന്തപുരം: മ്യൂസിയം പോലീസ് സ്റ്റേഷനിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി സ്പെഷ്യൽ ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്.
സംഭവം പോലീസിന് വലിയ നാണക്കേടുണ്ടാക്കിയ പശ്ചാത്തലത്തിൽ, തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ തന്റെ സ്വന്തം ശുപാർശകൾ അടങ്ങിയ റിപ്പോർട്ട് ദക്ഷിണമേഖലാ ഐജിക്ക് കൈമാറി.കേസിൽ പൊലീസുകാർ പ്രതികൾക്ക് വഴിവിട്ട ഒത്താശകൾ ചെയ്തു നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.പ്രതികൾ സ്റ്റേഷൻ വളപ്പിലെത്തുകയും റീൽസ് ചിത്രീകരിക്കുകയും ചെയ്യുമ്പോൾ എസ്.എച്ച്.ഒ പ്രശാന്ത് സ്റ്റേഷനിലുണ്ടായിരുന്നു.
കേസിനെക്കുറിച്ച് സംസാരിക്കാനാണ് പ്രതികൾ എത്തിയതെങ്കിലും, പ്രതികളെ സ്റ്റേഷൻ വളപ്പിൽ നിന്നും പിരിച്ചുവിടുന്നതിൽ എസ്.എച്ച്.ഒയ്ക്കും മറ്റ് ഉദ്യോഗസ്ഥർക്കും ഗുരുതര ജാഗ്രതക്കുറവും ഉത്തരവാദിത്തമില്ലായ്മയും സംഭവിച്ചു.പ്രതികൾക്ക് പോലീസ് വസ്ത്രങ്ങൾ വാങ്ങി നൽകിയെന്ന പ്രചാരണം റിപ്പോർട്ടിൽ തള്ളി. പാളയത്തെ കല്ല്യാൺ ടെക്സ്റ്റയിൽസിൽ നിന്ന് പോലീസ് വാങ്ങിയ 68 ഷർട്ടുകളും ഉദ്യോഗസ്ഥരുടെ പട്ടികയും സ്പെഷ്യൽ ബ്രാഞ്ച് ഒത്തുനോക്കി.
പ്രതികളിൽ ഒരാളായ ഐ.പി. ബിനു ധരിച്ചിരുന്ന നീല ഷർട്ടും പോലീസുകാരുടെ ഷർട്ടും തമ്മിൽ വ്യത്യാസങ്ങളുണ്ടെന്ന് കണ്ടെത്തി.പ്രതിയായ ഉണ്ണിയോട് സ്റ്റേഷന് മുന്നിൽ വെച്ചും, ഐ.പി. ബിനുവിനോട് സ്റ്റേഷനുള്ളിൽ വെച്ചും ഉദ്യോഗസ്ഥർ സംസാരിച്ചതായി തെളിഞ്ഞിട്ടുണ്ട്.
സംഭവത്തിൽ കൂടുതൽ പൊലീസുകാർക്കെതിരെ നടപടി ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ ഇന്ന് കേസിൽ വിശദമായ തുടരന്വേഷണത്തിന് ഔദ്യോഗികമായി ഉത്തരവിടും.