
തൃശൂർ: ഷൊർണൂർ-കൊടുങ്ങല്ലൂർ സംസ്ഥാനപാതയിൽ വടക്കാഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് കാർ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്. നെടുമ്പാശ്ശേരി എയർപോർട്ടിൽ നിന്നും മടങ്ങുകയായിരുന്ന വടക്കാഞ്ചേരി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം.
തൃശൂർ ഭാഗത്ത് നിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡിൽ തലകീഴായി മറിഞ്ഞത്.അപകടത്തിൽപ്പെട്ട കാറിലെ യാത്രികരായ ദമ്പതികൾക്ക് പരിക്കേറ്റു. ഉടൻ തന്നെ സ്ഥലത്തെത്തിയ നാട്ടുകാരും പോലീസും ചേർന്ന് പരിക്കേറ്റവരെ കാറിനുള്ളിൽ നിന്ന് പുറത്തെടുക്കുകയും തുടർ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.