
കൊല്ലം : മന്ത്രിമാരുടെ വിദേശയാത്രയെച്ചൊല്ലിയുള്ള വിവാദങ്ങളിൽ നിലപാട് വ്യക്തമാക്കി മന്ത്രി ഒ ജെ ജനീഷ്. പ്രതിപക്ഷം പോയത് പോലെയല്ല ഞങ്ങൾ വിദേശയാത്രകൾ നടത്തിയതെന്നും യാത്രകൾ വിവാദമാക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിമാർക്ക് സ്വകാര്യ നിമിഷങ്ങൾ പാടില്ലേ. ഇത് ഏത് കാലമാണ്. തനിക്ക് 37 വയസ്സാണ് പ്രായം. തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല.
യാത്ര സ്വന്തം ചെലവിലാണ് നടത്തിയത്. അല്ലാതെ സർക്കാർ പണത്തിലല്ല എന്നും ഒ ജെ ജനീഷ് പറഞ്ഞു. അതേസമയം ഫുട്ബോൾ താരം ലയണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പിൽ അന്വേഷണത്തിന് ആവശ്യമെങ്കിൽ ഇന്റർപോളിന്റെ സഹായം തേടുമെന്നും മന്ത്രി ഒജെ ജനീഷ് അറിയിച്ചു.
കായിക വകുപ്പിലെ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രാഥമിക അന്വേഷണം നടത്തുമെന്നും മെസ്സിയുടെ പേരിൽ കോടികളുടെ പണപ്പിരിവ് നടത്തിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റേഡിയങ്ങളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കും.
കേസുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടിവി പ്രതിസ്ഥാനത്ത് വന്നാൽ ചാനൽ ഓഫീസുകളിലടക്കം പരിശോധന നടത്തുമെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ന്യൂസ് റൂമുകളിൽ അർഹതപ്പെട്ടവരെ ഇരുത്തണമെന്നും അല്ലാത്തപക്ഷം ഇത്തരം സംഭവങ്ങൾ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.