Banner Ads

വിവേക് എക്സ്പ്രസിന്റെ ടോയ്‌ലറ്റിലും ബാഗുകളിൽ കഞ്ചാവ്; പാലക്കാട് റെയിൽവേ പോലീസും എക്സൈസും ചേർന്ന് നടത്തിയത് വൻ വേട്ട

ഒറ്റപ്പാലം : പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടന്ന രണ്ട് വ്യത്യസ്ത പരിശോധനകളിലായി 98 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശികളായ നാലുപേരെ റെയിൽവേ സംരക്ഷണ സേനയും എക്സൈസും ചേർന്ന് അറസ്റ്റ് ചെയ്തു. ബംഗാൾ സ്വദേശികളായ നുർ ഇസ്ലാം (20), തോജമൽ (36), മന്നൻ മുല്ല (38), മൈനൂൽ ഇസ്ലാം (21) എന്നിവരാണ് പിടിയിലായത്.

ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ആർപിഎഫും പാലക്കാട് എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എൻ നൗഫലും സംഘവും നടത്തിയ മിന്നൽ പരിശോധനയിലാണ് ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച 71 കിലോഗ്രാം കഞ്ചാവുമായി നാലംഗ സംഘം വലയിലായത്.

മറ്റൊരു സംഭവത്തിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി റെയിൽവേ പോലീസും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും വിവേക് എക്സ്പ്രസിൽ നടത്തിയ പരിശോധനയിൽ 27 കിലോ കഞ്ചാവ് പിടികൂടി. ജനറൽ കോച്ചിലെ ശുചിമുറിയിൽ ഉടമസ്ഥനില്ലാത്ത നിലയിൽ കണ്ടെത്തിയ രണ്ട് ബാഗുകളിൽ നിന്നാണ് സാക്ഷികളുടെ സാന്നിധ്യത്തിൽ കഞ്ചാവ് കണ്ടെടുത്തത്. ഉടമയെ കണ്ടെത്താനായി അന്വേഷണം പുരോഗമിക്കുകയാണ്.