
തിരുവനന്തപുരം : ദേശാഭിമാനി വാരാന്തപ്പതിപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധവും മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതുമാണെന്ന് എം സ്വരാജ്. പത്രം അച്ചടിച്ചിട്ടും വിതരണം ചെയ്തില്ലെന്ന പ്രചാരണം തെറ്റാണ്.
സാങ്കേതികപരമായ ചില കാരണങ്ങളാൽ മാത്രമാണ് പത്രം അച്ചടിക്കുന്നത് വൈകിയത്. അല്ലാതെ വിഎസ് അച്യുതാനന്ദന്റെ അനുസ്മരണം ഒഴിവാക്കാനോ മാറ്റാനോ ആയിരുന്നില്ല. ഓരോ മണിക്കൂറിലും മാറിമറിയുന്ന തരത്തിലുള്ള വ്യാജ വാർത്തകളാണ് മുഖ്യധാരാ മാധ്യമങ്ങളടക്കം നൽകിക്കൊണ്ടിരിക്കുന്നത്.
ന്യൂസ് എഡിറ്റർ കെആർ അജയനെതിരെ പാർട്ടി അല്ലെങ്കിൽ ദേശാഭിമാനി മാനേജ്മെന്റ് നടപടിയെടുത്തു എന്ന വാർത്തയും അടിസ്ഥാനരഹിതമാണ്. അജയനെതിരെ നടപടിയെടുത്തുവെന്ന് നിങ്ങളോട് ആരാണ് പറഞ്ഞതെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു.
അങ്ങനെയൊരു നടപടിയും ഉണ്ടായിട്ടില്ലെന്നും ഇനി അഥവാ സ്ഥാപനത്തിനുള്ളിൽ എന്തെങ്കിലും നടപടിയുണ്ടായാൽ തന്നെ അതിൽ മറ്റു മാധ്യമങ്ങൾക്കെന്താണ് കാര്യമെന്നും എം സ്വരാജ് ചോദിച്ചു.