
കോഴിക്കോട് : കോരപ്പുഴ പാലത്തിന് സമീപം സ്വകാര്യ ബസ് അപകടത്തിൽപ്പെട്ട് പത്ത് പേർക്ക് പരിക്ക്. കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് മുന്നിൽ പോവുകയായിരുന്ന ടിപ്പർ ലോറിയുടെ പിന്നിലിടിച്ചാണ് അപകടം. നിയന്ത്രണം നഷ്ടപ്പെട്ട ബസ് സമീപത്ത് നിർത്തിയിട്ടിരുന്ന ഒരു വാനിൽ ഇടിക്കുകയും തുടർന്ന് ഒരു വീടിന്റെ മതിലിലിടിച്ച് നിൽക്കുകയുമായിരുന്നു.
അപകടത്തിൽ സീറ്റിനും സ്റ്റിയറിങ്ങിനും ഇടയിലായി കുടുങ്ങിയ ബസ് ഡ്രൈവറെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ പറഞ്ഞു.