Banner Ads

ബസ് അപകടം: ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു: സ്കൂൾ വിദ്യാർഥിയുടെ മരണം; കുറ്റക്കാർക്കെതിരെ കർശന നടപടിക്ക് സാധ്യത.

ഇടുക്കി:ചെറുതോണിയിൽ സ്കൂൾ ബസ് കയറി നാലുവയസുകാരൻ ഹെസ്സൽ ബെൻ മരിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സ്കൂൾ അധികൃതർക്ക് സംഭവിച്ചത് ഗുരുതരമായ വീഴ്ചയാണെന്നും, ഇത് യാദൃച്ഛികമായി സംഭവിച്ച ഒന്നായി കാണാൻ കഴിയില്ലെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.

വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിനോടും പോലീസിനോടും അടിയന്തരമായി റിപ്പോർട്ട് നൽകാൻ കമ്മീഷൻ ആവശ്യപ്പെട്ടു.ബുധനാഴ്ചയാണ് വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്കൂളിലെ വിദ്യാർഥിയായ ഹെസ്സൽ ബെൻ (നാല്) സ്കൂൾ മുറ്റത്തുണ്ടായ അപകടത്തിൽ മരിച്ചത്. ബസിൽ വന്നിറങ്ങിയ കുട്ടി ക്ലാസിലേക്ക് പോകാനായി ബസിന് പിന്നിലൂടെ നടക്കുമ്പോൾ, സ്കൂളിലെ മറ്റൊരു ബസ് കുട്ടിയെ ഇടിക്കുകയും ശരീരത്തിലൂടെ കയറുകയും ചെയ്യുകയായിരുന്നു.

ഉടൻ ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സ്കൂൾ സേഫ്റ്റി പ്രോട്ടോക്കോൾ കർശനമായി ലംഘിക്കപ്പെട്ടതായി കമ്മീഷൻ കണ്ടെത്തി. കുട്ടികൾ ക്ലാസ് മുറിയിൽ കയറും വരെ കുട്ടികളെത്തിയ വാഹനം മുന്നോട്ട് എടുക്കാൻ പാടില്ല. ഇത് ഉറപ്പുവരുത്തേണ്ടത് പ്രിൻസിപ്പലിന്റെ ചുമതലയാണ്.സംഭവത്തിൽ വാഴത്തോപ്പ് ഗിരിജ്യോതി പബ്ലിക് സ്‌കൂളിനെതിരെ നടപടി ഉണ്ടാകുമെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.