Banner Ads

തൃശ്ശൂർ തൊയക്കാവിൽ ക്രൂരത; പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി

തൃശ്ശൂർ : തൃശ്ശൂർ തൊയക്കാവിൽ പിതാവിനെ മകൻ വെട്ടിക്കൊലപ്പെടുത്തി. വേലിയത്ത് വീട്ടിൽ കുമാരൻ (72) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ മകൻ പ്രജിഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പോലീസ് അറിയിച്ചു. കനോലി പുഴയിൽ നിന്ന് ചൂണ്ടയിട്ട് വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു കുമാരൻ.

വീടിനകത്തേക്ക് പ്രവേശിക്കാൻ തുനിയവെ പിന്നിലൂടെ എത്തിയ പ്രജിഷ് കൈയ്യിലുണ്ടായിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിന് പുറകിൽ ആഞ്ഞുവെട്ടുകയായിരുന്നു. ഗുരുതരമായി വെട്ടേറ്റ കുമാരൻ സംഭവസ്ഥലത്തുതന്നെ രക്തം വാർന്ന് മരിച്ചു.

കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രജിഷിനെ പ്രദേശവാസികളും പോലീസും ചേർന്ന് പിടികൂടുകയായിരുന്നു. കൊലപാതകത്തിൻ്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൽ വടക്കേക്കാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.