പാലക്കാട്:കൈക്കൂലി ആവശ്യപ്പെട്ട പഞ്ചായത്ത് ഓവർസിയർ പിടിയിൽ, കെട്ടിട പെർമിറ്റിനായി ഉടമയിൽനിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഓവർസിയർ വിജിലൻസിന്റെ പിടിയിലായത്. പാലക്കാട് പുതുശ്ശേരി പഞ്ചായത്തിലെ ഗ്രേഡ് മൂന്ന് ഓവർസിയറും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ധനേഷിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്.
ചടയൻ കാലായി സ്വദേശി ഗാന്ധിരാജിന്റെ പരാതിയിലാണ് നടപടി. കെട്ടിട പെർമിറ്റിനായി അപേക്ഷിച്ചപ്പോൾ ധനേഷ് 20,000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടെന്നാണ് ഗാന്ധിരാജിന്റെ പരാതി. ആദ്യം 10,000 രൂപയും പെർമിറ്റ് ലഭിക്കുമ്‌ബോൾ 10,000 രൂപയും നൽകണമെന്നായിരുന്നു ഓവർസിയർ ആവശ്യപ്പെട്ടത്.
കൈക്കൂലി ചോദിച്ച് പെർമിറ്റ് നടപടികൾ വൈകിച്ചെന്നാണ് ഗാന്ധിരാട് വിജിലൻസിൽ പരാതിപ്പെട്ടത്.പ്രതിയെ ഇന്ന് തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വിജിലൻസ് ഡിവൈ.എസ്.പി എസ്. ഷംസുദ്ദീൻ, ഇൻസ്പെക്ടർമാരായ ഷിജു എബ്രഹാം, അരുൺ പ്രസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.