കോട്ടയം: കുറവിലങ്ങാട് സ്വദേശിയായ പ്രവാസിയുടെ വീട്ടിലെ താല്‍ക്കാലിക കണക്ഷൻ സ്ഥിരമാക്കി നല്‍കാനാണ് ഓവർസിയർ പണം ആവശ്യപ്പെട്ടത്. നിർമാണാവശ്യത്തിന് നല്‍കിയ കണക്ഷൻ സ്ഥിരപ്പെടുത്താനായി ഈ മാസം 14നാണ് സെക്ഷൻ ഓഫിസില്‍ അപേക്ഷ നല്‍കിതായിരുന്നു.കെ.എസ്.ഇ.ബി കുറവിലങ്ങാട് സെക്ഷൻ ഓഫിസിലെ ഓവർസിയർ തലയോലപ്പറമ്ബ് കീഴൂർ മുളക്കുളം മണ്ണാറവേലിയില്‍ എം.കെ. രാജേന്ദ്രനെയാണ് (51) കോട്ടയം വിജിലൻസ് അറസ്റ്റ് ചെയ്തത്.താല്‍ക്കാലിക കണക്ഷൻ സ്ഥിരപ്പെടുത്തുന്നതിന് 10,000 രൂപ കൈക്കൂലി ചോദിക്കുകയായിരുന്നു.
സ്ഥലം സന്ദർശിക്കണമെന്ന് പറഞ്ഞ രാജേന്ദ്രൻ, 10000 രൂപ നല്‍കിയാല്‍ അടുത്തദിവസം തന്നെ വീട്ടിലെത്തി നടപടിക്രമങ്ങള്‍ പൂർത്തിയാക്കാമെന്ന് അറിയിച്ചു.ഇക്കാര്യം പ്രവാസിയുടെ പിതാവ് വിജിലൻസിനെ അറിയിച്ചു. വിജിലൻസ് നിർദേശപ്രകാരം ഇവർ പണം നല്‍കാമെന്ന് രാജേന്ദ്രനെ അറിയിച്ചു.ബുധനാഴ്ച പ്രവാസിയുടെ വീട്ടിലെത്തിയ ഇദ്ദേഹം താല്‍ക്കാലിക കണക്ഷൻ സ്ഥിരമാക്കി മാറ്റി നല്‍കി. തുടർന്ന് പണം ആവശ്യപ്പെട്ടപ്പോള്‍ വിജിലൻസ് നല്‍കിയ തുക കൈമാറി. ഇതിനിടെ, സ്ഥലത്തുണ്ടായിരുന്ന വിജിലൻസ് സംഘം കസ്റ്റഡിയിലെടുക്കുകയായിരുന്നു.
തുടർന്ന് നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ബുധനാഴ്ച ഉച്ചക്ക് 1.30ന് അറസ്റ്റ് രേഖപ്പെടുത്തി. വിജിലൻസ് ഡിവൈ.എസ്.പി നിർമല്‍ ബോസ്, ഇൻസ്പെക്ടർമാരായ സജു എസ്. ദാസ്,പ്രദീപ്, സുരേഷ് ബാബു,മനു വി. നായർ, സബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.