Banner Ads

ബിഎൽഒയുടെ മരണം ജോലി സമ്മർദം കാരണം; തിരഞ്ഞെടുപ്പ് കമ്മീഷൻ്റേത് ഏകപക്ഷീയ നടപടി, എംവി ജയരാജൻ

കണ്ണൂർ : പയ്യന്നൂർ ഏച്ചിക്കുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) അനീഷ് ജോർജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് സിപിഎം മുതിർന്ന നേതാവ് എംവി ജയരാജൻ. ഇത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് ജയരാജൻ പറഞ്ഞു.

അനീഷടക്കമുള്ള ബൂത്ത് ലെവൽ ഉദ്യോഗസ്ഥർ കടുത്ത ജോലി സമ്മർദ്ദത്തിലാണ് പ്രവർത്തിക്കുന്നതെന്ന് ജയരാജൻ ചൂണ്ടിക്കാട്ടി. കേരളത്തിൽ എസ്ഐആർ (സമഗ്രമായ വോട്ടർ പട്ടിക പുതുക്കൽ) നടപ്പിലാക്കാൻ കൂടുതൽ സമയം വേണമെന്ന് ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ്റേത് ഏകപക്ഷീയമായ നടപടിയാണ്. ഒരാൾ രണ്ട് ജോലി ചെയ്യേണ്ടിവരുന്നു.

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കഴിയുന്നതുവരെയെങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള സമയം നീട്ടിനൽകണം. നടപടിക്രമങ്ങളിൽ വ്യക്തതയുണ്ടാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുനരാലോചന നടത്തണം. ഇതിനെതിരെ നിയമ പോരാട്ടം നടത്തുമെന്നും എംവി ജയരാജൻ പറഞ്ഞു.