
തിരുവനന്തപുരം : നാല് പതിറ്റാണ്ടായി നിലനിന്നിരുന്ന ഇടത് കോട്ട തകർത്ത് തലസ്ഥാന കോർപ്പറേഷനിൽ ബിജെപി ചരിത്രം കുറിച്ചു. അമ്പത് സീറ്റുകൾ നേടി ബിജെപി ഭരണം ഉറപ്പിച്ചതോടെ സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു കോർപ്പറേഷൻ ഭരിക്കാൻ പോവുകയാണ് ബിജെപി. ചുവപ്പിന്റെ തലസ്ഥാനം കാവിയണിഞ്ഞു.
നൂറ് സീറ്റുകളിൽ അമ്പത് എണ്ണമാണ് ബിജെപി നേടിയത്. കേവല ഭൂരിപക്ഷത്തിന് ഒരു സീറ്റിന്റെ കുറവ് മാത്രമാണ് ബിജെപിക്കുള്ളത്. മുൻ ഡിജിപി ആർ ശ്രീലേഖയും കെ എസ് ശബരീനാഥനും വി വി രാജേഷുമുൾപ്പെടെ ജയിച്ചുകയറി. നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം തുടങ്ങിയ ഇടങ്ങളിലെ സിറ്റിങ് വാർഡുകൾ നിലനിർത്തി.
ഇടത് കേന്ദ്രങ്ങളിൽ പോലും ബിജെപി മുന്നേറ്റമുണ്ടാക്കി. നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ട് ഒളിമ്പിക്സിൽ ബിജെപിയുടെ പ്രധാന വേദിയായി ഇനി തിരുവനന്തപുരം മാറും. മുൻ ഡിജിപി ആർ ശ്രീലേഖ, വി വി രാജേഷ് എന്നിവരാണ് നിലവിൽ മേയർ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. ഞെട്ടിക്കൽ പരീക്ഷണത്തിനും സാധ്യതയുണ്ട്.