
ബെംഗളൂരു : ബെംഗളൂരുവിൽ നിന്നും മുംബൈയിലേക്ക് പോകുകയായിരുന്ന ഇൻഡിഗോ വിമാനത്തിൽ പക്ഷി ഇടിച്ചതിനെ തുടർന്ന് സർവീസ് വൈകി. ഇൻഡിഗോയുടെ 6E 6283 ഫ്ലൈറ്റാണ് അടിയന്തിരമായി ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. വെള്ളിയാഴ്ചയാണ് അപകടം നടന്നതെങ്കിലും ഇന്നാണ് അധികൃതർ ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.
ബെംഗളൂരു വിമാനത്താവളത്തിലെ റൺവേയിൽ നിന്ന് പറന്നുയരുന്നതിനിടെയാണ് വിമാനത്തിൽ പക്ഷി ഇടിച്ചത്. അപകടം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ പൈലറ്റ് അതീവ ജാഗ്രത പാലിക്കുകയും മുൻകരുതൽ നടപടിയെന്ന നിലയിൽ വിമാനം സുരക്ഷിതമായി തിരികെ റൺവേയിൽ ഇറക്കുകയുമായിരുന്നു. വിമാനം തിരിച്ചിറക്കിയ ഉടൻ എൻജിനീയർമാർ എത്തി സാങ്കേതിക തകരാറുകളോ കേടുപാടുകളോ സംഭവിച്ചിട്ടുണ്ടോ എന്ന് വിശദമായ പരിശോധന നടത്തി.
പരിശോധനയിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് മുംബൈയിലേക്ക് പറക്കാനുള്ള അനുമതി നൽകിയത്. തുടർന്ന് ഒരു മണിക്കൂറിലധികം വൈകിയാണ് വിമാനം യാത്ര പുനരാരംഭിച്ചത്. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ ആർക്കും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.