
തിരുവനന്തപുരം : വെമ്പായം ചാത്തമ്പാട്ട് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഭാര്യയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. ഭാര്യ നസീഹയെ ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം.
പോത്തൻകോട്-വെമ്പായം റോഡിൽ കൊഞ്ചിറ ചാത്തമ്പാട്ടുവെച്ച് റഹീമും ഭാര്യയും സഞ്ചരിച്ച ബൈക്കിനെ മറികടക്കാൻ ശ്രമിച്ച ടിപ്പർ ലോറി ഇവർ സഞ്ചരിച്ച ബൈക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോറിക്കടിയിലേക്ക് വീണ റഹീം സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. കുടുംബ വീട്ടിലേക്ക് പോവുകയായിരുന്നു ദമ്പതികൾ. നസീഹയുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.