
തിരുവനന്തപുരം : കാഞ്ഞിരംകുളം ചാവടി ജങ്ഷന് സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. അതിയന്നൂർ മരുതംകോട് സ്വദേശി ആദർശ് (17) ആണ് മരിച്ചത്. തിങ്കളാഴ്ചയായിരുന്നു അപകടം. വീഴ്ചയിൽ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ആദർശിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
പ്ലസ് ടു പൂർത്തിയാക്കി ഉപരിപഠനത്തിനായി കാത്തിരിക്കുകയായിരുന്നു ആദർശ്. കാഞ്ഞിരംകുളത്തുനിന്ന് പുല്ലുവിളയിലേക്ക് മൂന്നു പേരുമായി പോയ ബൈക്കും പുല്ലുവിളയിൽ നിന്ന് ചാവടിയിലേക്ക് മൂന്നു പേരുമായി വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
അമിത വേഗമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ പരിക്കേറ്റ അവണാകുഴി സ്വദേശി മനു, ബാലരാമപുരം സ്വദേശി മനു, ചാവടി സ്വദേശികളായ വിശാഖ്, അപ്പു, അരുൺ എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാഞ്ഞിരംകുളം പോലീസ് കേസെടുത്തു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം നെയ്യാറ്റിൻകര ജനറൽ ആശുപത്രി മോർച്ചറിയിലാണ്. വിദേശത്തുള്ള ആദർശിന്റെ അമ്മ നാട്ടിലെത്തിയ ശേഷം നാളെ രാവിലെ പതിനൊന്നോടെ സംസ്കരിക്കും.