
പത്തനംതിട്ട : ഭക്തിയുടെ നിറവിൽ ശബരിമലയിൽ മണ്ഡലകാലത്തിന് തുടക്കമായി. വൃശ്ചിക പുലരിയിൽ പുത്തൻ ഉണർവോടെ നട തുറന്നപ്പോൾ ആദ്യത്തെ നെയ്യഭിഷേകം നടന്നത് രാഷ്ട്രപതിയുടെ പേരിൽ. തുലാമാസ പൂജ വേളയിൽ സന്നിധാനത്ത് എത്തിയിരുന്നെങ്കിലും അന്ന് നെയ്യഭിഷേകം നടത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇന്നാണ് നെയ്യഭിഷേകം നടത്തിയത്. മണ്ഡലകാലത്തിന് തുടക്കമായതോടെ സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
പുതിയ മേൽശാന്തിമാരാണ് നട തുറന്ന് ദീപം തെളിയിച്ചത്. ഡിസംബര്‍ 26നാണ് അങ്കി ചാർത്തിയുള്ള ദീപാരാധന. മണ്ഡലപൂജ 27നാണ്. 27ന് രാത്രി നടയടക്കുന്നതോടെ മണ്ഡലകാലം പൂർത്തിയാകും. തുടര്‍ന്ന് ഡിസംബര്‍ 30ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിന് നട തുറക്കും. ജനുവരി 14ന് മകരവിളക്ക്. ജനുവരി 19 വരെ തീര്‍ത്ഥാടകർക്ക് ദർശനം നടത്താം. ജനുവരി 20ന് രാവിലെ നടയടയ്ക്കും.