Banner Ads

ബെംഗളൂരു വന്ദേ ഭാരത് തിരുവനന്തപുരം വരെ നീട്ടണം; കെ.സി. വേണുഗോപാൽ

ആലപ്പുഴ : നവംബർ പകുതിയോടെ ആരംഭിക്കുന്ന എറണാകുളം-ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. അദ്ദേഹം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്ത് നൽകി. കേരളത്തിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഏക വന്ദേ ഭാരത് എക്സ്പ്രസ്സാണിത്.

ഈ സർവീസ് തിരുവനന്തപുരം വരെ നീട്ടിയാൽ അതിന്റെ പ്രയോജനം എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലകളായ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലെ യാത്രക്കാർക്കും ലഭിക്കും. സർവീസ് ആലപ്പുഴ വഴിയാക്കുന്നത് തീരദേശപാതയ്ക്ക് ആശ്വാസകരമാകും.

ഐ.ടി, ബിസിനസ്, വിദ്യാഭ്യാസ മേഖലകളിലുള്ള പ്രൊഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഇത് ഏറെ പ്രയോജനകരമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർവീസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ ഇക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്നും കെ.സി. വേണുഗോപാൽ എം.പി. അറിയിച്ചു.