
ദില്ലി : രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഈ മാസം മുതൽ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കാണ് പുതിയ സർവീസ്. യാത്രക്കാരുടെ നീണ്ടനാളത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ട്രെയിനിന്റെ സമയക്രമവും സ്റ്റോപ്പുകളും റെയിൽവേ പുറത്തുവിട്ടു.
ബെംഗളൂരുവിൽ നിന്ന് രാത്രി 10:00ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 1:50ന് മുംബൈയിലെത്തും. 16 മണിക്കൂർ കൊണ്ട് മുംബൈയിലെത്തും. മുംബൈയിൽ നിന്ന് രാത്രി 10:30ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചയ്ക്ക് 2:50ന് ബെംഗളൂരുവിലെത്തും. അനന്ത്പൂർ, ഗുണ്ടക്കൽ, റായ്ച്ചൂർ, കലബുറഗി, സോലാപൂർ, പൂനെ, കല്യാൺ എന്നീ സ്റ്റേഷനുകളിലാണ് ട്രെയിനിന് സ്റ്റോപ്പുകൾ അനുവദിച്ചിട്ടുള്ളത്.
ആഴ്ചയിൽ 6 ദിവസമായിരിക്കും ഇരുദിശകളിലേക്കും സർവീസ്. ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ചയും മുംബൈയിൽ നിന്ന് ചൊവ്വാഴ്ചയും സർവീസ് ഉണ്ടാകില്ല. രണ്ട് വന്ദേ ഭാരത് സ്ലീപ്പർ റേക്കുകൾ അനുവദിച്ചതായും റെയിൽവേ അധികൃതർ അറിയിച്ചു.