Banner Ads

ബീഫ് പ്രേമികൾക്ക് തിരിച്ചടി; കിലോയ്ക്ക് 440 രൂപയായി വില ഉയർന്നു, കടുത്ത ക്ഷാമത്തിൽ വലഞ്ഞ് കേരളം

ഇടുക്കി : മലയാളിക്ക് പ്രിയപ്പെട്ട പോത്തിറച്ചിയുടെ (ബീഫ്) ലഭ്യത കുറഞ്ഞതോടെ സംസ്ഥാനത്ത് മാട്ടിറച്ചി ക്ഷാമം രൂക്ഷമാകുന്നു. അയൽസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് അറവുമാടുകൾ എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം.

കടുത്ത മാട് ക്ഷാമത്തെത്തുടർന്ന് മിക്കയിടങ്ങളിലും ഇറച്ചിക്കടകൾ പൂട്ടേണ്ട അവസ്ഥയിലാണ്. ജൂൺ 12 മുതൽ ജില്ലയിലെ ഇറച്ചിക്കടകൾ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാരികൾ പറഞ്ഞു.

തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് അറവുമാടുകളെ എത്തിച്ചിരുന്നത്. മാസംതോറും ഒന്നര ലക്ഷത്തോളം കന്നുകാലികൾ കേരളത്തിൽ എത്തിയിരുന്ന സ്ഥാനത്ത് ഇപ്പോഴിത് ഇരുപതിനായിരത്തിൽ താഴെയായി ചുരുങ്ങി.

ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിൽ ഗോസംരക്ഷകർ എന്ന പേരിൽ എത്തുന്ന ചില സംഘടനകൾ കന്നുകാലികളുമായി വരുന്ന വാഹനങ്ങൾ തടഞ്ഞു വെക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്നു. ഇതുമൂലം വലിയ സാമ്പത്തിക നഷ്ടമുണ്ടാകുന്നതിനാൽ ഇടനിലക്കാർ മാടുകളെ കൊണ്ടുവരാൻ മടിക്കുകയാണ്.

കഴിഞ്ഞ മെയ് മാസം മുതൽ ആന്ധ്രാപ്രദേശിൽ കന്നുകാലികൾക്ക് നൽകിയിരുന്ന മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്. സർട്ടിഫിക്കറ്റ് ഇല്ലെന്ന കാരണം പറഞ്ഞും വലിയ തോതിൽ അയവുമാടുകളെ പിടിച്ചെടുക്കുന്നുണ്ട്. കേരളത്തിൽ വളർത്തുന്ന കന്നുകാലികളെ മാത്രമാണ് ഇറച്ചിക്കായി ഉപയോഗിക്കുന്നത്.

ഇത് ആവശ്യത്തിന് തികയാത്തതിനാൽ പലയിടങ്ങളിലും അറവുശാലകളും കച്ചവട സ്ഥാപനങ്ങളും അടച്ചുപൂട്ടി. ബീഫിന്റെ വിലയും കുതിച്ചുയർന്നു. കട്ടപ്പന ഉൾപ്പെടെയുള്ള മേഖലകളിൽ കിലോയ്ക്ക് 380 രൂപയുണ്ടായിരുന്ന ബീഫിന് ഇപ്പോൾ 440 രൂപയാണ് ഈടാക്കുന്നത്.

അറവുമാടുകളെ എത്തിക്കുന്നത് തടയുന്നവർക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് വ്യാപാരികളുടെ സംഘടനയായ മീറ്റ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ നാല് സംസ്ഥാന സർക്കാരുകൾക്കും കത്തയച്ചിരുന്നെങ്കിലും നടപടിയുമുണ്ടായില്ല.

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശനെ നേരിൽ കണ്ട് നിവേദനം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഭാരവാഹികൾ.