Banner Ads

മരണത്തിലേക്ക് ചാടി; ആക്കുളം കായലിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ചത് ഓട്ടോ ഡ്രൈവറുടെ ധൈര്യം.

തിരുവനന്തപുരം: ആക്കുളം പാലത്തിൽ നിന്ന് കായലിലേക്ക് ചാടിയ 15 വയസ്സുള്ള പെൺകുട്ടിയെ ഓട്ടോറിക്ഷാ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെടുത്തി.രാത്രി വൈകിയാണ് സംഭവം നടന്നത്. പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ട വെള്ളായണി സ്വദേശിയായ ഓട്ടോ ഡ്രൈവർ വിനോദ് ഒട്ടും മടിക്കാതെ പെൺകുട്ടിയെ രക്ഷിക്കാനായി കായലിലേക്ക് ചാടുകയായിരുന്നു.

പെൺകുട്ടി മുങ്ങിപ്പോകാതെ വിനോദ് പിടിച്ചുനിർത്തി. പിന്നാലെ സ്ഥലത്തെത്തിയ ഫയർ ഫോഴ്സും തുമ്പ പോലീസും ചേർന്ന് ഇരുവരെയും കരക്കെത്തിച്ചു. പെൺകുട്ടിയെ ഉടൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.

പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ കഴക്കൂട്ടം പോലീസിൽ പരാതി നൽകാൻ ഒരുങ്ങുന്നതിനിടെയാണ് കായലിൽ ചാടിയെന്ന വിവരം അറിഞ്ഞത്. ഓട്ടോ ഡ്രൈവർ വിനോദിൻ്റെ ധീരമായ പ്രവർത്തനം പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാൻ നിർണായകമായി.