Banner Ads

ഷാജൻ സ്കറിയക്ക് നേരെയുണ്ടായ ആക്രമണം: ശക്തമായ പ്രതിഷേധവുമായി മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ.

കോട്ടയം: ഓൺലൈൻ മാധ്യമപ്രവർത്തകൻ ഷാജൻ സ്കറിയക്ക് നേരെയുണ്ടായ ഗുണ്ടാ ആക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ കോട്ടയത്ത് നടന്ന പ്രതിഷേധ യോഗത്തിലാണ് അസോസിയേഷൻ ഈ നിലപാട് വ്യക്തമാക്കിയത്.

ഷാജൻ സ്കറിയയെ ആക്രമിച്ച് പരിക്കേൽപ്പിച്ച നടപടിയെ, സത്യം വിളിച്ചു പറയുന്നവരെ ആക്രമിക്കുന്ന കാടൻ രീതി എന്നാണ് യോഗം വിശേഷിപ്പിച്ചത്. കേരളത്തിലെ ജനകീയ വിഷയങ്ങൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന ഒരാൾക്കെതിരെ ഉണ്ടായ ഈ ആക്രമണം പ്രതിഷേധാർഹമാണെന്ന് യോഗം വിലയിരുത്തി. ഇങ്ങനെയുള്ള നടപടികൾ മാധ്യമപ്രവർത്തകരെ നിർഭയമായി വാർത്തകൾ തയ്യാറാക്കുന്നതിൽ നിന്നും തടയുമെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് എ.കെ. ശ്രീകുമാർ (തേർഡ് ഐ ന്യൂസ്), സെക്രട്ടറി കെ.എം. അനൂപ് (മലയാളശബ്ദം), ട്രഷറർ അനീഷ് (ഹോണസ്റ്റി ന്യൂസ്) എന്നിവർ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു. കുറ്റവാളികളെ എത്രയും പെട്ടെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്നും കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.