തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന് നാളെ മുതൽ തുടക്കം. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്ന പിവി അന്‍വറും ഭരണപക്ഷവും തമ്മിലുള്ള ഏറ്റു മുട്ടലാണ് ഇനി നിയമ സഭ കാണാൻ പോകുന്നത്. അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ട് സി.പി.എം ഉടൻ സ്പീക്കർക്ക് കത്ത് നൽകും. അന്‍വര്‍ ആരോപണത്തിന് പുറമെ പൂരം അലങ്കോലപ്പെടുത്താൽ, മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ പിആര്‍ ഏജന്‍സി ഇടപെടലുകൾ എന്നിവയെല്ലാം പ്രതിപക്ഷം ചര്‍ച്ചയാക്കും.
നിയമസഭയ്ക്കകത്ത് മുഖ്യമന്ത്രിക്കും സി.പി.എമ്മിനുമെതിരായ എതിർപ്പിൽ അൻവർ ഉറച്ചുനിൽക്കും. നിയമസഭയ്ക്കകത്ത് ഭരണകക്ഷി അൻവറിനെ ശക്തമായി പ്രതിരോധിക്കും. നിയമസഭാ സമ്മേളനത്തിന് മുമ്പ് അൻവറിനെ പാർലമെന്ററി പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ സി.പി.എം ആരംഭിച്ചിട്ടുണ്ട്. സ്പീക്കര്‍ക്ക് നൽകുന്ന കത്തിന്റെ പശ്ചാത്തലത്തിൽ സിപിഎം ബ്ലോക്കില്‍ നിന്ന് അന്‍വറിന്റെ സീറ്റ് മാറും. ഭരണപക്ഷത്തിന്റെ പിൻഭാഗത്ത് പ്രതിപക്ഷത്തിന്റെ അടുത്തായിരിക്കും ഇരിപ്പിടം.