Banner Ads

സി.ജെ.പി നേതാക്കളുടെ അറസ്റ്റ്: എയർ ഇന്ത്യ വിമാനത്തിൽ സുരക്ഷാ ഉദ്യോഗസ്ഥർ കയറിയതിൽ കടുത്ത അതൃപ്തിയുമായി എയർ ഇന്ത്യ

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ കയറി പ്രമുഖ സി.ജെ.പി നേതാക്കളെ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും അറസ്റ്റ് ചെയ്ത നടപടിയിൽ അതൃപ്തി വ്യക്തമാക്കി എയർ ഇന്ത്യ. പൈലറ്റുമാരുടെ ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിലേക്ക് പ്രവേശിച്ച് യാത്രക്കാരെ കസ്റ്റഡിയിലെടുത്തതിൽ പ്രോട്ടോകോൾ ലംഘനം നടന്നിട്ടുണ്ടോ എന്ന് എയർ ഇന്ത്യ സംശയം പ്രകടിപ്പിച്ചു.

സംഭവത്തിൽ വിമാനത്തിനുള്ളിലെ സുരക്ഷാ നടപടിക്രമങ്ങൾ  വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ബ്യൂറോയ്ക്ക് (BCAS) എയർ ഇന്ത്യ ഔദ്യോഗികമായി കത്തയച്ചു.ശനിയാഴ്ച രാവിലെ 8:00 മണിയോടെ മുംബൈയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിലായിരുന്നു സംഭവം. രാവിലെ 10:20 ഓടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു.

സി.ജെ.പി നേതാക്കളായ അഭിജിത്ത് ദീപ്കെ, സൗരവ് ദാസ്, അശുദോഷ് റങ്ക എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.ഇവരെ കസ്റ്റഡിയിലെടുക്കുന്നതിന് മുന്നോടിയായി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ വിമാനത്തിലെ മറ്റ് യാത്രക്കാർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന്, പൈലറ്റുമാരും അനൗൺസ്‌മെന്റിലൂടെ യാത്രക്കാരെ വിവരമറിയിക്കുകയും 7A, 7B, 7C എന്നീ സീറ്റുകളിലിരുന്ന മൂന്ന് നേതാക്കളോടും വിമാനത്തിന് പുറത്തേക്ക് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ, ഇതിനിടെ പൈലറ്റുമാർ പൂർണ്ണ അനുമതി നൽകുന്നതിന് മുമ്പ് തന്നെ പൊലീസ് വിമാനത്തിനുള്ളിലേക്ക് കടന്നുകയറി മൂവരെയും ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. പൈലറ്റിന്റെയും എയർലൈൻസിന്റെയും അനുമതിയില്ലാതെ സുരക്ഷാ ജീവനക്കാർ വിമാനത്തിൽ പ്രവേശിച്ചത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്നാണ് എയർ ഇന്ത്യ ചൂണ്ടിക്കാണിക്കുന്നത്.