
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അർണബ് അതിതീവ്ര ചുഴലിക്കാറ്റായി മാറി. വിശാഖപട്ടണത്തിന് 350 കിലോമീറ്ററും ഗോപാൽപൂരിൽ നിന്ന് 610 കിലോമീറ്ററും അകലെയാണ് ചുഴലിക്കാറ്റിന്റെ സ്ഥാനം. മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റ് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് തിരിഞ്ഞ് നാളെ ഉച്ചയ്ക്ക് മുൻപായി ആന്ധ്രാപ്രദേശിലെ ബാപ്പറ്റ്ലയ്ക്കും വിശാഖപട്ടണത്തിനും ഇടയിലുള്ള തീരത്ത് കരതൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കരതൊടുന്ന സമയത്ത് മണിക്കൂറിൽ 115 മുതൽ 140 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. ജാഗ്രതയുടെ ഭാഗമായി ആന്ധ്രാപ്രദേശ്, തെക്കൻ ഒഡീഷ തീരങ്ങളിൽ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ആന്ധ്രാപ്രദേശ്, തെലങ്കാന, ഒഡീഷ, തമിഴ്നാട്, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ കനത്ത ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇന്നും നാളെയുമായി സർവീസ് നടത്തേണ്ട 53 ട്രെയിനുകൾ റദ്ദാക്കി. കേരളത്തിൽ ഇന്ന് മഴ മുന്നറിയിപ്പുകളൊന്നുമില്ലെങ്കിലും വരും ദിവസങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.