Banner Ads

അതിതീവ്ര ചുഴലിക്കാറ്റായി അർണബ്: ആന്ധ്രയിലും ഒഡിഷയിലും കനത്ത ജാഗ്രത; ലക്ഷക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

ബെംഗളൂരു : അർണബ് ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി മാറിയതോടെ ആന്ധ്രാപ്രദേശിലും ഒഡിഷയിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ നീങ്ങുന്ന ചുഴലിക്കാറ്റ് നിലവിൽ ആന്ധ്രാ തീരത്തുനിന്ന് 300 കിലോമീറ്റർ അകലെയാണ്. നാളെ ഉച്ചയ്ക്ക് 12 മണിക്ക് മുൻപായി കാറ്റ് കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ആന്ധ്രാപ്രദേശിലെ യാനത്തിനും കാക്കിനടയ്ക്കുമിടയിലുള്ള തീരമേഖലയിലൂടെയാകും അർണബ് കരയിലേക്ക് പ്രവേശിക്കുക. കരതൊടുന്നതോടെ കാറ്റിന്റെ വേഗത മണിക്കൂറിൽ 115 മുതൽ 125 കിലോമീറ്റർ വരെയും പിന്നീട് 140 കിലോമീറ്റർ വരെയായി ഉയരാനും സാധ്യതയുണ്ട്. കാക്കിനട തീരത്തുനിന്നു മാത്രം 89000 പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.

ആന്ധ്രയിലെ ഹോപ് ഐലൻഡ് പൂർണ്ണമായും ഒഴിപ്പിച്ചു. സംസ്ഥാനത്ത് 1400ലധികം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കൂടാതെ നാലായിരത്തോളം ഗർഭിണികളെ മുൻകരുതലായി സുരക്ഷിത താവളങ്ങളിലേക്ക് മാറ്റി. വിശാഖപട്ടണമുൾപ്പെടെയുള്ള ആന്ധ്രാ തീരങ്ങളിൽ ശക്തമായ കാറ്റും പ്രക്ഷുബ്ധമായ കടലാക്രമണവും തുടരുകയാണ്.

അയൽസംസ്ഥാനമായ ഒഡിഷയിലും പലയിടത്തും മഴ കനത്തു. കടലിൽ പോയ മുഴുവൻ മീൻപിടിത്ത ബോട്ടുകളും സുരക്ഷിതമായി തീരത്തടുപ്പിച്ചു. മുൻകരുതലിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. റെയിൽവേ 53 ട്രെയിൻ സർവീസുകൾ പൂർണ്ണമായി റദ്ദാക്കി.

വിശാഖപട്ടണം, വിജയവാഡ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ തടസ്സപ്പെട്ടേക്കാമെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 1970ന് ശേഷം 61 ചുഴലിക്കാറ്റുകളെ നേരിട്ട അനുഭവസമ്പത്തുള്ള ആന്ധ്രാപ്രദേശ് രാജ്യം കണ്ട ഏറ്റവും വലിയ പ്രതിരോധ-ദുരന്തനിവാരണ സന്നാഹങ്ങളാണ് അർണബിനെ നേരിടാനായി ഒരുക്കിയിരിക്കുന്നത്.