
കണ്ണൂർ : സോഷ്യൽ മീഡിയയിലൂടെ ആഭ്യന്തരമന്ത്രിയെയും പോലീസിനെയും അധിക്ഷേപിച്ച കേസിൽ തലശ്ശേരി സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന അർജുൻ ആയങ്കിയെ മൂന്ന് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കണ്ണൂർ സൈബർ പോലീസിന്റെ അപേക്ഷ പരിഗണിച്ച് തലശ്ശേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.
ആയങ്കിയുടെ മൊബൈൽ ഫോൺ കണ്ടെത്താനും കൂടുതൽ ചോദ്യം ചെയ്യലിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയാണ് സൈബർ പോലീസ് ആവശ്യപ്പെട്ടിരുന്നത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച ഫോൺ കണ്ടെടുത്തിട്ടില്ലെന്നും മറ്റൊരു ഫോൺ നൽകി അന്വേഷണം വഴിതിരിച്ചുവിടാനാണ് പ്രതി ശ്രമിച്ചതെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ ദേഹപരിശോധനാ വേളയിൽ തന്നെ ഫോൺ കസ്റ്റഡിയിലെടുത്തിരുന്നുവെന്നും വ്യാജ തെളിവുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും കസ്റ്റഡി അനുവദിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. വാദങ്ങൾ കേട്ട ശേഷം കോടതി മൂന്ന് ദിവസത്തെ കസ്റ്റഡി അനുവദിക്കുകയായിരുന്നു.
കോടതിയിലെത്തിച്ചപ്പോൾ എല്ലാം ചെയ്തത് താനാണ് എന്നായിരുന്നു അർജുൻ ആയങ്കിയുടെ പ്രതികരണം. കീഴടങ്ങാൻ വേണ്ടി നിയമസഹായം തേടാൻ എത്തിയപ്പോഴാണ് വീട്ടിൽനിന്ന് അർജുനെ പോലീസ് പിടികൂടിയതെന്ന് അഭിഭാഷകയായ ഡെലീറ്റാ ടൈറ്റസ് പറഞ്ഞു.
അർജുൻ ആയങ്കി ഒളിവിലുണ്ടെന്ന സംശയത്തിൽ മല്ലപ്പള്ളി കാട്ടാമലയിലെ വീടുകളിൽ പോലീസ് നടത്തിയ പരിശോധനയ്ക്കെതിരെ സിപിഎം കീഴ്വായ്പൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
മാർച്ചിൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ പി ഉദയഭാനു പോലീസിനെതിരെ ഭീഷണി മുഴക്കി. അർജുൻ ആയങ്കിയെ ഒളിവിൽ കഴിയാൻ സഹായിച്ചവർക്കായി അന്വേഷണം തുടരുകയാണ്.