
തിരുവനന്തപുരം : തുലാമാസ പൂജയ്ക്കും തുടർന്നുള്ള മണ്ഡലകാലത്തിനും മുന്നോടിയായി ശബരിമലയിലെ അരവണ പ്രതിസന്ധി പരിഹരിക്കാൻ ഊർജിത ശ്രമവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അരവണ നിർമാണ പ്ലാന്റ് ഭാഗികമായി പ്രവർത്തനസജ്ജമാക്കാനുള്ള നടപടികൾ വേഗത്തിലാക്കി.
ആകെ 26 വാർപ്പുകളുള്ള പ്ലാന്റിൽ കുറഞ്ഞത് 12 വാർപ്പുകളെങ്കിലും ഒക്ടോബർ 7ഓടെ പ്രവർത്തനക്ഷമമാക്കാനാണ് ദേവസ്വം ബോർഡിന്റെ നീക്കം. വിഷയത്തിൽ ശബരിമല സ്പെഷ്യൽ കമ്മീഷണർ ഇടപെട്ടിട്ടുണ്ടെങ്കിലും നിർമാണത്തിലെ മെല്ലെപ്പോക്ക് കാരണം വരാനിരിക്കുന്ന തീർത്ഥാടന സീസണിലെ പ്രസാദ ലഭ്യതയെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോഴും മാറിയിട്ടില്ല.
ഒക്ടോബർ 13നകം പ്ലാന്റിന്റെ പണികൾ പൂർത്തിയാകുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും നിലവിലെ സാഹചര്യത്തിൽ നിർമാണം നീണ്ടുപോകാനാണ് സാധ്യത. സീസണിൽ 70 ലക്ഷം ടിൻ അരവണ കരുതൽ ശേഖരമായി ഉറപ്പാക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവലോകന യോഗത്തിലെ തീരുമാനം.
എന്നാൽ തുലാമാസ പൂജയ്ക്ക് തൊട്ടുപിന്നാലെ പ്ലാന്റ് പൂർണ്ണതോതിൽ പ്രവർത്തിച്ചാൽ മാത്രമേ ചുരുങ്ങിയത് 50 ലക്ഷം ടിൻ എങ്കിലും സംഭരിക്കാനാകൂ എന്നതാണ് നിലവിലെ സ്ഥിതി. പ്രതിസന്ധിക്ക് ആക്കം കൂട്ടി ശർക്കര സംഭരണത്തിലും ഗുരുതര വീഴ്ച കണ്ടെത്തിയിട്ടുണ്ട്. കരാർ കമ്പനികളുമായി യഥാസമയം കരാർ ഒപ്പിടുകയോ സാമ്പിൾ പരിശോധന നടത്തുകയോ ചെയ്തിട്ടില്ല.
കരാർ വൈകിയതുമൂലം 4 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ബോർഡിനുണ്ടായി. സാധാരണ ഓഗസ്റ്റ് മാസത്തോടെ ഗോഡൗണുകളിൽ ശർക്കര എത്തിയിരുന്ന സ്ഥാനത്താണ് ഈ വീഴ്ച. അരവണ പ്രതിസന്ധിയടക്കമുള്ള ശബരിമല ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ദേവസ്വം മന്ത്രി കെ മുരളീധരൻ ഇന്ന് മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തും.