Banner Ads

പൊരുതി വീണ് അൻവർ, കോട്ട കാത്ത് റിയാസ്; തോറ്റെങ്കിലും പോരാട്ടം തുടരുമെന്ന് പി വി അൻവർ

മലപ്പുറം : ബേപ്പൂർ മണ്ഡലത്തിലെ പരാജയത്തിന് പിന്നാലെ മുസ്ലിം ലീഗിനെതിരെയുള്ള പ്രചാരണങ്ങൾ തള്ളി പി വി അൻവർ. തിരഞ്ഞെടുപ്പിൽ ലീഗ് കാലുവാരിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും യുഡിഎഫ് ഒറ്റക്കെട്ടായാണ് പ്രവർത്തിച്ചതെന്നും അൻവർ പറഞ്ഞു. സിപിഎം-ബിജെപി കൂട്ടുകെട്ടാണ് തന്റെ പരാജയത്തിന് പിന്നിലെന്ന് അൻവർ ആരോപിച്ചു.

രാമനാട്ടുകരയിലും ഫറോക്കിലും വോട്ട് കുറയാൻ കാരണം സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്. ഇക്കാര്യം യുഡിഎഫ് നേതൃത്വം പരിശോധിക്കും. തോറ്റെങ്കിലും എന്റെ പോരാട്ടത്തിന് ജനങ്ങൾ നൽകിയ അംഗീകാരത്തിൽ സന്തോഷമുണ്ട്. മറ്റ് സ്ഥാനമാനങ്ങൾ ഒന്നും ആഗ്രഹിക്കുന്നില്ലെന്നും തന്റെ നിലപാടുകൾക്കുള്ള പിന്തുണ ജനങ്ങൾ നൽകിക്കഴിഞ്ഞുവെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു.

സംസ്ഥാനമൊട്ടാകെ യുഡിഎഫ് തരംഗം ആഞ്ഞടിച്ചപ്പോഴും മുഹമ്മദ് റിയാസിനൊപ്പം ബേപ്പൂർ ഉറച്ചു നിന്നു. 7487 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് റിയാസ് ജയിച്ചത്. കഴിഞ്ഞ തവണ 28000ത്തിന് മുകളിൽ ഭൂരിപക്ഷം ഉണ്ടായിരുന്ന മണ്ഡലത്തിൽ ഇത്തവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും 1800 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ റിയാസിന് തുണയായി.

പിണറായി വിജയനെതിരെയും മുഹമ്മദ് റിയാസിനെതിരെയും കടുത്ത ആരോപണങ്ങൾ ഉന്നയിച്ചാണ് അൻവർ ഇടതുമുന്നണി വിട്ടത്. പിണറായിസം മരുമോനിസം തുടങ്ങിയ പ്രയോഗങ്ങളിലൂടെ ഭരണവിരുദ്ധ വികാരം വോട്ടാക്കി മാറ്റാൻ ശ്രമിച്ചെങ്കിലും ഇടതുകോട്ട തകർക്കാൻ അൻവറിനായില്ല.