Banner Ads

അനുമോൾ വിവാഹിതയായി; വരൻ ഭുവനേഷ്, വിവാഹം ഗുരുവായൂരിൽ

ഗുരുവായൂർ : മിനിസ്‌ക്രീൻ പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവുമായ അനുമോൾ വിവാഹിതയായി. ഭുവനേഷ് ആണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്ര നടയിൽ വച്ചായിരുന്നു അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ വിവാഹ ചടങ്ങുകൾ നടന്നത്. അനുമോളുടെ വിവാഹം ഉടൻ ഉണ്ടാകുമെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും കഴിഞ്ഞ ദിവസങ്ങളിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ഒരു പുതിയ തുടക്കത്തിന്റെ ആഘോഷം എന്ന കുറപ്പോടെ വിവാഹനിശ്ചയത്തിന്റെയും മറ്റ് ചടങ്ങുകളുടെയും മനോഹരമായ ചിത്രങ്ങൾ അനുമോൾ തന്നെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. പരമ്പരാഗത രീതിയിലുള്ള വസ്ത്രധാരണത്തിൽ തിളങ്ങിയ അനുമോളുടെയും ഭുവനേഷിന്റെയും ചിത്രങ്ങൾ നിമിഷനേരം കൊണ്ടാണ് ആരാധകർക്കിടയിൽ തരംഗമായി മാറിയത്.

ടെലിവിഷൻ പരമ്പരകളിലൂടെയും ജനപ്രിയ റിയാലിറ്റി ഷോകളിലൂടെയും മിനിസ്‌ക്രീൻ പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് അനുമോൾ. സ്റ്റാർ മാജിക് എന്ന ജനപ്രിയ പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. കോമഡി ട്രാക്കുകളിലെ തനതായ അഭിനയശൈലിയും കൗണ്ടറുകളും അനുമോളെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയാക്കി മാറ്റി.

പിന്നീട് ബിഗ് ബോസ് മലയാളം സീസൺ 7ൽ മത്സരാർഥിയായി എത്തുകയും മികച്ച പ്രകടനത്തിലൂടെ വിജയിയായി കിരീടം സ്വന്തമാക്കുകയും ചെയ്തത് താരത്തിന്റെ ജീവിതത്തിലും കരിയറിലും വലിയ വഴിത്തിരിവായി മാറുകയായിരുന്നു. ടെലിവിഷൻ സീരിയലുകളിലും സിനിമകളിലും ഒരുപോലെ തിളങ്ങാൻ അനുമോൾക്ക് സാധിച്ചിട്ടുണ്ട്.

പാടാത്ത പൈങ്കിളി അടക്കമുള്ള നിരവധി ഹിറ്റ് പരമ്പരകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്ത താരം മികച്ച നടിക്കുള്ള കേരള സംസ്ഥാന ടെലിവിഷൻ പുരസ്‌കാരവും സ്വന്തമാക്കിയിട്ടുണ്ട്. മിനിസ്‌ക്രീൻ രംഗത്തിന് പുറമെ തിങ്കൾ മുതൽ വെള്ളി വരെ, കല്യാണം, മഹേഷും മാരുതിയും തുടങ്ങിയ മലയാള സിനിമകളിലും ശ്രദ്ധേയമായ വേഷങ്ങളിൽ അനുമോൾ അഭിനയിച്ചിട്ടുണ്ട്.

തിരുവന്തപുരം സ്വദേശിയാണ് മുപ്പതുകാരിയായ അനുമോള്‍. ആര്യനാട് ഗവ വിഎച്ച്എസ്എസ്സിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം കേരള സർവ്വകലാശാലയിൽ നിന്ന് സംസ്‌കൃതത്തിൽ ബിരുദവും നേടിയിട്ടുണ്ട്. പഠനകാലത്തിന് ശേഷമാണ് താരം കലാ-അഭിനയ രംഗത്തേക്ക് കൂടുതൽ സജീവമായി കടന്നുവരുന്നത്. ഗുരുവായൂരിൽ നടന്ന ചടങ്ങിൽ മിനിസ്‌ക്രീൻ-ചലച്ചിത്ര മേഖലയിലെ പ്രമുഖരും പങ്കെടുത്തു.

വിവാഹവാർത്ത പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിലുടനീളം സഹപ്രവർത്തകരും ആരാധകരും ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളാണ് പുതിയ ജീവിതത്തിലേക്ക് കടക്കുന്ന നവദമ്പതികൾക്ക് ആശംസകളും പ്രാർത്ഥനകളുമായി രംഗത്തെത്തുന്നത്.