Banner Ads

വയനാട്ടിൽ വീണ്ടും കാട്ടാനയാക്രമണം: സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ കൊല്ലപ്പെട്ടു; ഭർത്താവിന് പരിക്ക്

കൽപ്പറ്റ: സംസ്ഥാനത്ത് കാട്ടാനയാക്രമണത്തിൽ വീണ്ടുമൊരു ജീവൻ കൂടി പൊലിഞ്ഞു. വയനാട് മേപ്പാടി കള്ളാടിയിൽ വെച്ചുണ്ടായ കാട്ടാനയാക്രമണത്തിൽ പുത്തുമല സ്വദേശിനി ജെസ്സി ആണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ഷാജിക്കും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്.

ഭർത്താവുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടയിലാണ് ഇവർ കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആന ഇവരെ ആക്രമിക്കുകയായിരുന്നു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. പരിക്കേറ്റ ഷാജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും മനുഷ്യ-മൃഗ സംഘർഷം പതിവാകുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തരവും ശാശ്വതവുമായ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്.