
കോഴിക്കോട് : വടകര ഇരിങ്ങലിലെ ധർമശാസ്താ ക്ഷേത്രത്തിൽ വീണ്ടും മോഷണം. നാലാം തവണയാണ് ഈ ക്ഷേത്രത്തിൽ മോഷണം നടക്കുന്നത്. ഇത്തവണ ക്ഷേത്രത്തിലെ അഞ്ച് ഭണ്ഡാരങ്ങളുടെ പൂട്ട് തകർത്ത് പണം കവർന്നു. പുലർച്ചെ 1.50-ഓടെയാണ് മോഷണം നടന്നതെന്ന് സി.സി.ടി.വി. ദൃശ്യങ്ങളിൽ വ്യക്തമാണ്.
രാവിലെ ക്ഷേത്രത്തിലെ ശാന്തിക്കാരൻ എത്തിയപ്പോഴാണ് മോഷണം നടന്നതായി കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിൽ ക്ഷേത്രകോമ്പൗണ്ടിനുള്ളിലെ നാല് സ്റ്റീൽ ഭണ്ഡാരങ്ങളും ഗേറ്റിനടുത്തുള്ള ഒരു ഇരുമ്പ് ഭണ്ഡാരവും തകർത്തതായി കണ്ടെത്തി. പോലീസ് സ്ഥലത്തെത്തി വിരലടയാള വിദഗ്ദ്ധരുടെയും ഡോഗ് സ്ക്വാഡിന്റെയും സഹായത്തോടെ പരിശോധന നടത്തി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.