
പാലക്കാട്: പട്ടാമ്പിയിൽ കോൺഗ്രസിന് വെല്ലുവിളിയായി വീണ്ടും വിമത സ്ഥാനാർഥി. മഹിളാ കോൺഗ്രസ് നേതാവും നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായിരുന്ന കെ ടി റുഖിയയാണ് സ്വതന്ത്ര സ്ഥാനാർത്ഥിയാവുന്നത്.പട്ടാമ്പി നഗരസഭയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് കോൺഗ്രസിന് വെല്ലുവിളി ഉയർത്തി വിമത സ്ഥാനാർത്ഥികളുടെ എണ്ണം കൂടിയത്.
പത്രിക സമർപ്പണത്തിന്റെ അവസാന ദിവസം അവസാന നിമിഷമാണ് മഹിളാ കോൺഗ്രസ് സെക്രട്ടറിയും കഴിഞ്ഞ ഭരണസമിതിയിൽ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സനുമായിരുന്ന കെ ടി റുഖിയാ സ്വതന്ത്ര സ്ഥാനാർത്ഥിയായി രംഗത്തെത്തിയത്. നാമനിർദ്ദേശപത്രിക്ക് സമർപ്പിക്കാനുള്ള അവസാന ദിവസം അവസാന നിമിഷമായ 2.59നാണു കെ ടി റുഖിയ നഗരസഭയിൽ എത്തി ഭരണാധികാരിക്ക് മുമ്പാകെ പത്രിക സമർപ്പിച്ചത്. നഗരസഭയിലെ 25 ആം വാർഡിലാണ് കെ ടി റുഖിയ ജനവിധി തേടുന്നത്.
മഹിളാ കോൺഗ്രസ് നേതാവും കെപിസിസി അംഗവും നഗരസഭ കൗൺസിലറുമായിരുന്ന കോൺഗ്രസിലെ പ്രമുഖ നേതാവ് സി സംഗീതയ്ക്ക് എതിരായാണ് വാർഡിൽ വിമത വെല്ലുവിളി ഉയർത്തി കെ ടി റുഖിയ മത്സരിക്കുന്നത്. കോൺഗ്രസിൽ നിന്നും ടിപി ഷാജി കൊപ്പം വി ഫോർ മുന്നണി ഉണ്ടാക്കി പോകുകയും എൽഡിഎഫുമായി സഹകരിച്ച് കഴിഞ്ഞ നഗരസഭ ഭരണസമിതിയിൽ സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായി. എന്നാൽ നാലുവർഷത്തോളം എത്തിയപ്പോൾ അസ്വാരസങ്ങൾ ഉണ്ടാവുകയും റുഖിയ കോൺഗ്രസിലേക്ക് എത്തുകയും ചെയ്തിരുന്നു.
എന്നാൽ ഈ തിരഞ്ഞെടുപ്പിൽ വേണ്ടത്ര പരിഗണന ലഭിച്ചില്ലെന്നും താൻ സ്ഥാനാർത്ഥിയാകണമെന്ന് വിവിധ ഇടങ്ങളിൽ നിന്നും ആവശ്യം ഉയർന്നു വരികയും ചെയ്ത സാഹചര്യത്തിലാണ് സ്ഥാനാർത്ഥിയാവുന്നത് എന്നാണ് കെ ടി റുഖിയ യുടെ വിശദീകരണം. ടിപി ഷാജി വീണ്ടും കോൺഗ്രസിലേക്ക് വന്നതിന്റെ ഭാഗമായി ബ്ലോക്ക് സെക്രട്ടറി പി അബ്ദുൽ വാഹിദ് കോൺഗ്രസിനെതിരെ വിമത സ്ഥാനാർത്ഥിയാവുകയും വാഹിദിന് എൽഡിഎഫ് പിന്തുണ നൽകുകയും ചെയ്തിട്ടുണ്ട്.