
പാലക്കാട് : പാലക്കാട് പുതുക്കോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയതായി പരാതി. ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പിന് ശേഷം നൽകാനായി ഒരു മാസം മുൻപ് കാലാവധി കഴിഞ്ഞ പാരസെറ്റമോൾ സിറപ്പുകളാണ് നൽകിയതെന്നാണ് രക്ഷിതാക്കളുടെ പരാതി.
സംഭവം വിവാദമായതിനെത്തുടർന്ന് ആരോഗ്യകേന്ദ്രം അധികൃതർ പരാതിക്കാരുടെ കൈവശമുണ്ടായിരുന്ന മരുന്നുകൾ തിരികെ വാങ്ങുകയും പകരം പുതിയ മരുന്നുകൾ നൽകുകയും ചെയ്തു. ഏഴോളം രക്ഷിതാക്കളാണ് കാലാവധി കഴിഞ്ഞ മരുന്നുകൾ തിരികെ നൽകിയത്.
അതേസമയം കുഞ്ഞുങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഗുരുതരമായ അനാസ്ഥയ്ക്കെതിരെ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പുതുക്കോട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. സംഭവത്തിൽ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.