Banner Ads

സൈനിക അക്കാദമിയിൽ വീണ്ടും മരണം; ഡെറാഡൂണിൽ മലയാളി ജവാൻ മരിച്ചു

ഡെറാഡൂൺ: ഡെറാഡൂൺ സൈനിക അക്കാദമിയിൽ തിരുവനന്തപുരം സ്വദേശിയായ സൈനികൻ മരിച്ച നിലയിൽ. നേമം സ്വദേശി ബാലു എസ്. (32) ആണ് മരിച്ചത്. അക്കാദമിയിലെ നീന്തൽക്കുളത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.13 വർഷമായി ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിക്കുന്ന ബാലു, നിലവിൽ ഹവിൽദാർ പദവിയിൽ സേവനമനുഷ്ഠിക്കുകയായിരുന്നു.

ലെഫ്റ്റനന്റ് കേണൽ പദവിയിലേക്കുള്ള സ്ഥാനക്കയറ്റത്തിനായുള്ള ഡിപ്പാർട്ട്മെന്റൽ ടെസ്റ്റുകളും ഫിസിക്കൽ ടെസ്റ്റുകളും പൂർത്തിയാക്കാൻ എത്തിയതായിരുന്നു അദ്ദേഹം. വ്യാഴാഴ്ചയാണ് ബാലുവിന്റെ മരണവിവരം ബന്ധുക്കളെ അറിയിച്ചത്. അപകടമരണമാണെന്നാണ് സൈന്യത്തിൽ നിന്ന് ലഭിച്ച പ്രാഥമിക വിവരം. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.

ബാലുവിന്റെ മൃതദേഹം ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് എത്തിക്കും. പാപ്പനംകോടുള്ള അദ്ദേഹത്തിന്റെ നിർമാണത്തിലിരിക്കുന്ന പുതിയ വീട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷം, ശാന്തികവാടത്തിൽ സൈനിക ബഹുമതികളോടെ സംസ്കരിക്കും.