
തൃശൂർ: കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ വീണ്ടും ആനയിടഞ്ഞു. സോഷ്യൽ മീഡിയ റീൽസുകളിലൂടെ പ്രശസ്തനായ മച്ചാട് ഗോപാലൻ ആണ് ഇന്ന് പുലർച്ചെ ഒരു മണിയോടെ പരിഭ്രാന്തി സൃഷ്ടിച്ചത്. ഉത്സവത്തിനിടെ ഇത് മൂന്നാം തവണയാണ് ആനകൾ ഇടയുന്ന സംഭവം റിപ്പോർട്ട് ചെയ്യുന്നത്.വിളക്ക് എഴുന്നള്ളിപ്പിന് ശേഷം മഹാത്മ ലൈബ്രറിയ്ക്ക് സമീപമുള്ള ദേവസ്വം പറമ്പിൽ തളച്ചിരുന്ന സമയത്താണ് ആന ഇടഞ്ഞത്.
തളച്ചിരുന്ന തെങ്ങ് ആന പിഴുതുമറിച്ചു. ഉടൻ തന്നെ എലഫന്റ് സ്ക്വാഡും പാപ്പാൻമാരും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ ആനയെ തളച്ചു. ആനയെ ഉടൻ തന്നെ അവിടെ നിന്നും മാറ്റുമെന്ന് അധികൃതർ അറിയിച്ചു.ഈ വർഷത്തെ കൂടൽമാണിക്യം ഉത്സവം ആനയിടയൽ സംഭവങ്ങളാൽ ആശങ്കയിലായിരിക്കുകയാണ്. വാഴ്‌വാടി കാശിനാഥൻ എന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടിക്കൊന്നിരുന്നു.ഗുരുവായൂർ ദേവദാസ് എന്ന ആന ഇടഞ്ഞ് പാപ്പാനെ ഓടിച്ചതിനെത്തുടർന്ന് ആനയെ ഉത്സവത്തിൽ നിന്ന് ഒഴിവാക്കി തിരിച്ചയച്ചു.
മച്ചാട് ഗോപാലനും ഇടഞ്ഞതോടെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഭക്തർക്കിടയിൽ ആശങ്ക വർദ്ധിച്ചിട്ടുണ്ട്.വേഗത്തിലുള്ള നടപ്പും തലകുലുക്കവും കാരണം സോഷ്യൽ മീഡിയയിൽ വലിയ ആരാധകവൃന്ദമുള്ള ആനയാണ് മച്ചാട് ഗോപാലൻ.ഭാഗ്യവശാൽ ഇന്നത്തെ സംഭവത്തിൽ ആർക്കും പരിക്കുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും തുടർച്ചയായുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ ഉത്സവ നഗരിയെ നിഴലിലാഴ്ത്തിയിരിക്കുകയാണ്.