
തിരുവനന്തപുരം : സംസ്ഥാനത്തെ അങ്കണവാടികൾ വഴി വിതരണം ചെയ്യുന്ന അമൃതംപൊടിയിൽ നിന്നും പഞ്ചസാര പൂർണ്ണമായി ഒഴിവാക്കാൻ തീരുമാനം. പഞ്ചസാരയ്ക്ക് പകരം കുറഞ്ഞ അളവിൽ ശർക്കര ഉൾപ്പെടുത്താനാണ് വനിതാ ശിശുവികസന വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്.
കുട്ടികളുടെ ആരോഗ്യം മുൻനിർത്തി അമൃതംപൊടിയിലെ പഞ്ചസാരയുടെ ഉപയോഗം അവസാനിപ്പിക്കണമെന്ന സംസ്ഥാന ബാലാവകാശ കമ്മീഷന്റെ ഉത്തരവിനെ തുടർന്നാണ് നടപടി. നിലവിൽ നിർമ്മിക്കുന്ന ബാച്ച് കഴിഞ്ഞാൽ അടുത്ത ഘട്ടം ഉത്പാദനം മുതൽ മധുരത്തിനായി ശർക്കര മാത്രമായിരിക്കും ഉപയോഗിക്കുക.
എന്നാൽ ഈ മാറ്റം പ്രായോഗികമായി നടപ്പിലാക്കുന്നതിൽ വലിയ വെല്ലുവിളികളും ആശങ്കകളും ഉയരുന്നുണ്ട്. ധാന്യപ്പൊടികളിൽ ശർക്കര ചേർക്കുമ്പോൾ അത് കേടുകൂടാതെ സൂക്ഷിച്ചുവെക്കാവുന്ന സമയപരിധി ഗണ്യമായി കുറയുമെന്നതാണ് പ്രധാന പ്രതിസന്ധി.
കൂടാതെ, പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നതിനോടും ആരോഗ്യ വിദഗ്ധർ പൂർണ്ണമായി യോജിക്കുന്നില്ല. രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികളുടെ ഭക്ഷണത്തിൽ പഞ്ചസാരയോ ശർക്കരയോ ഉൾപ്പെടെ യാതൊരുവിധ അധിക മധുരവും നൽകരുതെന്നാണ് ഐസിഎംആറും കേന്ദ്ര സർക്കാരും നൽകുന്ന കർശന മാർഗ്ഗനിർദേശം.
രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് നൽകുന്ന മധുരം ആകെ കലോറിയുടെ അഞ്ച് ശതമാനത്തിൽ താഴെയായിരിക്കണമെന്നും നിർദേശമുണ്ട്.