Banner Ads

കണ്ണൂരിൽ എയർ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി; യാത്രക്കാർ സുരക്ഷിതർ

കണ്ണൂർ : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം തിരിച്ചിറക്കി.ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട ബോയിങ് 737-8 എഎൽ വിമാനമാണ് തിരിച്ച് ഇറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയശേഷമാണ് സംഭവം.

വിമാനം അൽപ്പദൂരം സഞ്ചരിച്ചശേഷമാണ് തിരിച്ച് കണ്ണൂരിലേക്ക് വന്നത്. ആകാശത്ത് അൽപ്പനേരം വട്ടമിട്ടുപറന്ന ശേഷം 7.35ഓടെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു. സംഭവം വിമാനത്താവളത്തിൽ അൽപ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെയെല്ലാം സുരക്ഷിതമായി പുറത്തിറക്കി.

യാത്രക്കാരെ ഇന്ന് ഉച്ചയ്ക്ക് മറ്റൊരു വിമാനത്തിൽ അബുദബിയിലേക്ക് കൊണ്ടുപോകും. പക്ഷിയിടിച്ചതിനെതുടര്‍ന്ന് വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ട്. ഇതിനാലാണ് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ അയക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.