
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ. മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവ് പൂർത്തിയാകുന്നത് വരെ ആറ് ഘട്ടങ്ങളായാണ് സുരക്ഷാ ക്രമീകരണങ്ങൾ നടപ്പാക്കുന്നത്. നിലയ്ക്കലിൽ നടന്ന ശബരിമല തീർഥാടന മുന്നൊരുക്ക യോഗത്തിൽ സംസാരിക്കുകയായിരുന്നു റവാഡ ആസാദ് ചന്ദ്ര ശേഖർ.
നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചാണ് ഇത്തവണ സുരക്ഷാ സംവിധാനം ഒരുക്കുന്നത്. സേനയിലെ വിവിധ ശ്രേണിയിലുള്ള ഉദ്യോഗസ്ഥരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണം ഉണ്ടാകും. ട്രാഫിക് ലംഘനങ്ങളും അപകടങ്ങളും തടയാനായി ബൈക്ക്, മൊബൈൽ പട്രോളിംഗ് സംവിധാനങ്ങൾ ഒരുക്കും.
പ്രധാന സ്ഥലങ്ങളിൽ കേരള പോലീസിന്റെ കമാൻഡോകളെ വിന്യസിക്കും. പ്രധാന പാർക്കിംഗ് ഏരിയ നിലയ്ക്കലാണ്. അനധികൃത പാർക്കിംഗ് അനുവദിക്കില്ല. ഇവിടെ ആവശ്യത്തിന് സിസിടിവി, ശൗചാലയ സൗകര്യങ്ങളും ഒരുക്കും. തീർഥാടകർക്ക് സുരക്ഷയൊരുക്കുന്നതിനൊപ്പം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ തടയാനും കർശന നടപടികൾ സ്വീകരിക്കും.
പോക്കറ്റടി, അനധികൃത വ്യാപാരം, മറ്റ് സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയാൻ സ്പെഷ്യൽ ആന്റി തെഫ്റ്റ് സ്ക്വാഡിനെ നിയോഗിച്ചിട്ടുണ്ട്. സ്ഥിരം ക്രിമിനലുകളെ കണ്ടെത്താൻ എഐ അധിഷ്ഠിത സിസിടിവി സംവിധാനത്തിന്റെ സഹായം തേടും. ഡോളി ജീവനക്കാർ ഉൾപ്പെടെയുള്ള താത്കാലിക തൊഴിലാളികളെ തിരിച്ചറിയാൻ പമ്പ പോലീസ് വികസിപ്പിച്ച ആപ്പ് ഉപയോഗിക്കും.
പമ്പാ നദിക്കരയിൽ പുതുതായി നിർമ്മിച്ച ജർമ്മൻ ഷെഡുകളിൽ 4,000 പേരെ വരെ ഉൾക്കൊള്ളാനാകും. ക്യൂ കോംപ്ലക്സുകളിൽ തിരക്ക് നിയന്ത്രിക്കാൻ പ്രത്യേക സംവിധാനമുണ്ടാകും. ആംബുലൻസുകൾക്ക് പ്രത്യേക പാത ഉറപ്പാക്കുമെന്നും ഡിജിപി അറിയിച്ചു.