
ലാഹോർ : പാകിസ്ഥാൻ തലസ്ഥാനമായ ഇസ്ലാമാബാദിൽ ചാവേർ സ്ഫോടനം. ജില്ലാ കോടതി വളപ്പിൽ ഉച്ചയോടെ നടന്ന സ്ഫോടനത്തിൽ 9 പേർ കൊല്ലപ്പെടുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ദില്ലിയിൽ നടന്ന സ്ഫോടനത്തിന് സമാനമായ രീതിയിലാണ് ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്. കോടതി വളപ്പിൽ പാർക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്.
കാറിലെത്തിയ ചാവേറാണ് സ്ഫോടനം നടത്തിയത് എന്ന് പൊലീസ് സ്ഥിരീകരിച്ചു. ആദ്യ റിപ്പോർട്ടുകൾ കാറിന്റെ സിലിണ്ടർ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് സൂചിപ്പിച്ചിരുന്നതെങ്കിലും പിന്നീട് ഇത് ചാവേർ ആക്രമണമാണെന്ന് പൊലീസ് ഉറപ്പിച്ചു. കൊല്ലപ്പെട്ടവരിൽ ഏറെയും കോടതിയിലെത്തിയ സാധാരണക്കാരാണ്. ആക്രമണത്തിന് പിന്നിൽ ആരാണെന്നോ ഏത് സംഘടനയാണെന്നോ ഉള്ള കാര്യങ്ങൾ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.