Banner Ads

നടന്മാർക്ക് ധാരണയുണ്ടാവില്ല; മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത താരങ്ങൾക്കെതിരെ കെപിസിസി അധ്യക്ഷൻ

തിരുവനന്തപുരം : അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനമടക്കമുള്ള സംസ്ഥാന സർക്കാർ നടപടികൾക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ അഡ്വ. സണ്ണി ജോസഫ്. ഈ പ്രഖ്യാപനം സർക്കാർ പ്രചാരണത്തിനുള്ള ഉപാധിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അതിദാരിദ്ര്യ മുക്ത പ്രഖ്യാപനത്തിനായി കേരളത്തിന് പുറത്ത് 10 കോടി രൂപ പരസ്യത്തിനായി ചെലവഴിച്ചുവെന്ന് സണ്ണി ജോസഫ് ആരോപിച്ചു.

പ്രഖ്യാപന സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് മഹാനടന്മാർ സർക്കാരിന്റെ വഞ്ചനയ്ക്ക് കൂട്ടുനിൽക്കരുതായിരുന്നു എന്ന് അദ്ദേഹം വിമർശിച്ചു. നടന്മാർക്ക് ഇതേക്കുറിച്ച് വലിയ ധാരണയുണ്ടാകില്ലായിരിക്കും. തിരക്കുള്ള ആളുകളല്ലേ അവർ എന്നും സണ്ണി ജോസഫ് പറഞ്ഞു. അതിദാരിദ്ര്യ മുക്ത പ്രഖ്യാപന സമ്മേളനത്തിലേക്ക് മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ തുടങ്ങിയ പ്രമുഖ താരങ്ങളെ ക്ഷണിച്ചിരുന്നു.

വ്യക്തിപരമായ അസൗകര്യങ്ങൾ കാരണം മോഹൻലാലും കമൽഹാസനും പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നെങ്കിലും മമ്മൂട്ടി പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു. ഇതിനിടെയാണ് പങ്കെടുത്ത താരങ്ങളെ ലക്ഷ്യമിട്ടുകൊണ്ട് കെപിസിസി അധ്യക്ഷൻ വിമർശനവുമായി രംഗത്തെത്തിയത്.