Banner Ads

വിവേചനം ഒഴിവാക്കാൻ നടപടി: പൊതു ഇടങ്ങളുടെ പേരുകളിൽനിന്ന് ജാതിപ്പേരുകൾ നീക്കാൻ സ്റ്റാലിൻ നിർദേശം

ചെന്നൈ: സാമൂഹിക നീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ പൊതു ഇടങ്ങളുടെ പേരുകളിൽനിന്ന് ജാതിപ്പേരുകൾ നീക്കം ചെയ്യുന്ന പ്രക്രിയ തമിഴ്‌നാട് സർക്കാർ ഊർജ്ജിതമാക്കി. നവംബർ 19-നകം ഇത്തരം മുഴുവൻ പേരുകളും മാറ്റി പുതിയ പേരുകൾ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ജില്ലാ ഭരണകൂടങ്ങൾക്ക് കർശന നിർദ്ദേശം നൽകി.

ജാതി വിവേചനം പൂർണ്ണമായി ഒഴിവാക്കി സാമൂഹിക സമത്വം ഉറപ്പാക്കുകയാണ് ഈ നടപടിയുടെ ലക്ഷ്യം.’ആദി ദ്രാവിഡർ കോളനി’, ‘ഹരിജൻ കോളനി’, ‘പറയർ തെരുവ്’ തുടങ്ങിയ പേരുകൾ പൂർണ്ണമായും ഒഴിവാക്കണം.’കലൈഞ്ജർ’, ‘കാമരാജർ’, ‘മഹാത്മാഗാന്ധി’, ‘വീരമാമുനിവർ’, ‘തന്തെ പെരിയാർ’ തുടങ്ങിയ പ്രമുഖ വ്യക്തികളുടെ പേരുകൾ പുതിയ പേരുകളായി ഉപയോഗിക്കുന്നതിൽ തെറ്റില്ല.

പേരുകൾ മാറ്റുകയോ പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യുമ്പോൾ പ്രാദേശിക ജനസമൂഹത്തിന്റെ വികാരങ്ങൾ മാനിക്കപ്പെടുന്നുണ്ടെന്ന് ജില്ലാ ഭരണകൂടങ്ങൾ ഉറപ്പാക്കണം.നിലവിലുള്ള പേരുകൾതന്നെ തുടരാൻ ഏതെങ്കിലും പ്രദേശത്തിന് താൽപ്പര്യമുണ്ടെങ്കിൽ, അതിനുള്ള വ്യക്തമായ കാരണങ്ങൾ രേഖാമൂലം സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്.ഈ നടപടി തമിഴ്‌നാട്ടിലെ സാമൂഹിക പരിഷ്കരണ ചരിത്രത്തിലെ ഒരു സുപ്രധാന ചുവടുവെപ്പായി കണക്കാക്കപ്പെടുന്നു.