
പാലക്കാട്: ആർഎസ്എസ് റൂട്ട് മാർച്ചിൽ പങ്കെടുത്തതിന് മണ്ണാർക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. മണ്ണാർക്കാട് എക്‌സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ആയ കെ. വി. ഷണ്മുഖനെ (54) യാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്.
ഇദ്ദേഹം കല്ലടിക്കോട് കാഞ്ഞിരാനി സ്വദേശിയാണ്.മഹാനവമിയോടനുബന്ധിച്ച് കല്ലടിക്കോട് നടന്ന ആർഎസ്എസ് കല്ലടിക്കോട് പ്രഖണ്ഡിന്റെ റൂട്ട് മാർച്ചിലാണ് ഷണ്മുഖൻ പങ്കെടുത്തത്. കല്ലടിക്കോട് മാപ്പിള സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച് കാഞ്ഞിക്കുളം സ്വകാര്യ ആശുപത്രിക്ക് മുമ്പിൽ സമാപിച്ച റൂട്ട് മാർച്ചിൽ ഗണവേഷം ധരിച്ചാണ് ഇദ്ദേഹം പങ്കെടുത്തത്.
കേരള സർക്കാർ ജീവനക്കാർക്കുള്ള ചട്ടങ്ങൾ ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.എസ്പിയുടെ നിർദേശ പ്രകാരം മണ്ണാർക്കാട് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് കെ. വി. ഷണ്മുഖനെ സർവീസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്.