Banner Ads

ചോദിക്കാതെ ബൈക്കെടുത്തത് താക്കീത് ചെയ്തു; സുഹൃത്തിന്റെ കണ്ണിന് താഴെ പേന കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

തൃശൂർ : സുഹൃത്തിന്റെ മോട്ടോർ സൈക്കിൾ അനുവാദമില്ലാതെ കൊണ്ടുപോയത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ പേന കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ. മേലൂർ പൂലാനി സ്വദേശി ഞാറയ്ക്കൽ വീട്ടിൽ സുമിത്ത് (27) ആണ് കൊരട്ടി പോലീസിന്റെ പിടിയിലായത്.

മേലൂർ കല്ലുത്തി സ്വദേശി കരിപ്പാല വീട്ടിൽ ജിൽജിത്തിനാണ് (33) പരിക്കേറ്റത്. ജൂലൈ ആറിന് രാത്രി 8.30 ഓടെ ഇരുവരും ജോലി ചെയ്യുന്ന പൂലാനി കോലോത്തുംകടവിന് സമീപമുള്ള കമ്പനി മുറിയിലായിരുന്നു സംഭവം. ജിൽജിത്തിന്റെ മോട്ടോർ സൈക്കിൾ പ്രതിയായ സുമിത്ത് ചോദിക്കാതെ എടുത്തുകൊണ്ട് പോവുകയും, ആ സമയത്ത് ചില സ്ത്രീകളെ അസഭ്യം പറയുകയും ചെയ്തിരുന്നു.

ഇതിനെക്കുറിച്ച് ജിൽജിത്ത് സുമിത്തിനോട് ചോദിക്കുകയും, ഇനി തന്റെ വണ്ടി തൊട്ടുപോകരുതെന്ന് താക്കീത് നൽകുകയും ചെയ്തു. ഇതിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. ജിൽജിത്തിനെ തടഞ്ഞുനിർത്തി സുമിത്ത് പേന ഉപയോഗിച്ച് മുഖത്ത് കുത്തുകയായിരുന്നു. ഇടതു കണ്ണിന് താഴെയായി ജിൽജിത്തിന് ആഴത്തിൽ പരിക്കേറ്റു.

ആക്രമണത്തിന് ശേഷം പരിക്കേറ്റത് വാഹനത്തില്‍നിന്ന് വീണതാണെന്ന് പറയിപ്പിക്കാന്‍ പ്രതി ജില്‍ജിത്തിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പിടിയിലായ സുമിത്ത് അങ്കമാലി പോലീസ് സ്റ്റേഷൻ പരിധികളിലായി പതിനൊന്നോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.