
തിരുവന്തപുരം:മൃഗങ്ങൾക്കെതിരായ ചൂഷണങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് വേറിട്ട സമരം. സ്വാതന്ത്ര്യദിനത്തിൽ തുടങ്ങിയ ഈ പ്രതിഷേധം ഓഗസ്റ്റ് 19-ന് രാവിലെ അവസാനിക്കും. മൃഗസ്നേഹിയും സാമൂഹിക പ്രവർത്തകനുമായ ജീവൻ ജയകൃഷ്ണന്റെ നേതൃത്വത്തിൽ സ്ത്രീകളടക്കമുള്ള ഒരു സംഘം പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന് മുന്നിൽ കൂടുകൾക്കുള്ളിൽ നിരാഹാര സമരം നടത്തുന്നത്.
ജീവൻ ജയകൃഷ്ണനൊപ്പം അഭിഷേക് എന്ന മറ്റൊരു പ്രവർത്തകനും പ്രതിഷേധത്തിൽ പങ്കാളിയായി കൂട്ടിലുണ്ട്.മൃഗങ്ങളുടെ അടിമത്തം തുടരുമ്പോൾ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതിലെ ഇരട്ടത്താപ്പിനെ അപലപിച്ചുകൊണ്ടാണ് ഇവർ ഈ വ്യത്യസ്തമായ പ്രതിഷേധരീതി തിരഞ്ഞെടുത്തത്.
ഭക്ഷണത്തിനും വിനോദത്തിനും മറ്റ് ആവശ്യങ്ങൾക്കും മൃഗങ്ങളെ ഉപയോഗിക്കുന്നതും അതുവഴി ലാഭമുണ്ടാക്കുന്നതും നിർത്തലാക്കണമെന്നും, മൃഗങ്ങളെ ദുരുപയോഗം ചെയ്യുന്നതിനായുള്ള പ്രജനനം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു.