
കണ്ണൂര്‍ : തെരുവുനായ ശല്യത്തിനെതിരെയുള്ള ഏകാംഗ നാടകം അവതരിപ്പിക്കുന്നതിനിടെ നാടക പ്രവര്‍ത്തകനെ തെരുവുനായ ആക്രമിച്ചു. കണ്ണൂര്‍ കണ്ടക്കൈ സ്വദേശി പി. രാധാകൃഷ്ണനാണ് കടിയേറ്റത്. കണ്ണൂരിലെ വായനശാലയിൽ നടന്ന ബോധവത്കരണ നാടകാവതരണത്തിനിടെയാണ് സംഭവം.രാധാകൃഷ്ണൻ അവതരിപ്പിക്കുന്ന ഈ നാടകത്തിൻ്റെ ഏഴാമത്തെ വേദി ആയിരുന്നു ഇത്.
വായനശാലയുടെ വരാന്തയിൽ ഒരുക്കിയ വേദിയിൽ നാടകം നടന്നുകൊണ്ടിരിക്കുമ്പോൾ അവിടേക്ക് ഓടിക്കയറിയ തെരുവുനായ രാധാകൃഷ്ണനെ ആക്രമിക്കുകയായിരുന്നു. നാടകത്തിൽ ഒരു കുട്ടിക്ക് തെരുവുനായയുടെ കടിയേൽക്കുന്ന രംഗം അഭിനയിക്കുന്നതിനിടെയാണ് സംഭവം. രാധാകൃഷ്ണൻ്റെ കാലിനാണ് കടിയേറ്റത്. നാടകത്തിന്‍റെ ഭാഗമാണെന്നാണ് ആദ്യം ആളുകള്‍ കരുതിയത്. എന്നാൽ പിന്നീടാണ് ശരിക്കും നായ കടിച്ചത് തന്നെയാണെന്ന് വ്യക്തമായത്.