Banner Ads

വീടിന് തീയിട്ട് മധ്യവയസ്കന്റെ ആത്മഹത്യാശ്രമം; മുതുതലയിൽ നാടിനെ നടുക്കിയ സംഭവം.

പാലക്കാട്: പട്ടാമ്പിയിൽ വീടിന് തീയിട്ട് മധ്യവയസ്കൻ ആത്മഹത്യക്ക് ശ്രമിച്ചു. മുതുതല സ്വദേശി ഇബ്രാഹിമിന്റെ വീടിന് എറണാകുളം സ്വദേശിയായ പ്രേംദാസ് തീവച്ചത്. തുടർന്ന് പ്രേമദാസ് കയ്യിൽ കരുതിയ കത്തി ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. വീട്ടിലെ സാധന സാമഗ്രികളും കാറും ബൈക്കും കത്തി നശിച്ചു.മുതുതല പഞ്ചായത്ത് ഓഫീസിന് സമീപത്ത് താമസിക്കുന്ന ഇബ്രാഹിമിന്റെ വീട്ടിലാണ് സംഭവം.

രാവിലെ വീട്ടിലെത്തിയ എറണാകുളം പറവൂർ സ്വദേശി പ്രേംദാസ് വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും തുടർന്ന് വീടിനുള്ളിൽ തീയിടുകയും ആയിരുന്നു. വീടിന്റെ മുന്നിൽ നിർത്തിയിട്ട കാറിനും ബൈക്കിനുമാണ് ആദ്യം തീ കൊളുത്തിയത്. വാഹങ്ങളിൽ നിന്ന് തീ വീട്ടിലേക്ക് പടരുകയും വീടിന്റെ ഒരു ഭാഗം പൂർണമായും കത്ത് നശിക്കുകയും ചെയ്തു. സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്ന ഇബ്രാഹിമിന്റെ ഭാര്യയും രണ്ടു മക്കളും പിറകുവശത്തെ വാതിലിലൂടെ പുറത്തേക്ക് ഓടി തൊട്ടടുത്ത വീട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസംഘം എത്തി തീയണച്ചു. തീവപ്പിൽ കാറും ബൈക്കും പൂർണമായും കത്തി നശിച്ചു.സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രേംദാസ് കയ്യിൽ സൂക്ഷിച്ച കത്തി ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തു. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പ്രേംദാസ് ഇബ്രാഹിം മുൻപ് വിദേശത്ത് ഒപ്പം ജോലി ചെയ്തിരുന്നു. ഇവർ തമ്മിലുണ്ടായ സാമ്പത്തിക ഇടപാടിലെ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാർ കച്ചവടത്തിൽ ഒരു ലക്ഷം രൂപ ഇബ്രാഹിം പ്രേംദാസിന് കൊടുക്കുവാൻ ഉണ്ടെന്നു കാണിച്ചു ഒരു നോട്ടീസും പ്രേം ദാസ് കയ്യിൽ കരുതിയിരുന്നു.