
തിരുവനന്തപുരം : വകുപ്പ് വിഭജനത്തിന് പിന്നാലെ മന്ത്രിമാരുടെ ഔദ്യോഗിക വസതികൾ സംബന്ധിച്ച തർക്കങ്ങൾക്കും പരിഹാരമായി. വസതികൾ അനുവദിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് അന്തിമ പട്ടിക പുറത്തിറക്കി. ഒരേ വസതിക്കായി മൂന്നു മന്ത്രിമാർ വരെ രംഗത്തു വന്നിരുന്നു. ചർച്ചകൾക്കൊടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുമാണ് അന്തിമ പട്ടിക തയ്യാറാക്കി ഉത്തരവിറക്കിയത്.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള ‘പമ്പ’യാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് അനുവദിച്ചത്. കഴിഞ്ഞ സർക്കാരിൽ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായിരുന്ന മുഹമ്മദ് റിയാസ് താമസിച്ചിരുന്ന വസതി വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. ക്ലിഫ് ഹൗസിന് തൊട്ടടുത്തുള്ള അശോകയാണ് സണ്ണി ജോസഫിന് അനുവദിച്ചത്.
കെ മുരളീധരന് സാനഡു , എപി അനിൽകുമാറിന് കാവേരി, പി സി വിഷ്ണുനാഥിന് നിള, എം ലിജുവിന് അജന്ത, റോജി എം ജോണിന് ഗ്രേസ്, ടി സിദ്ധിഖിന് ഗംഗ, കെ എ തുളസിക്ക് പ്രശാന്ത്, ബിന്ദു കൃഷ്ണക്ക് തൈക്കാട് ഹൗസ്, ഒ ജെ ജനീഷിന് മൻമോഹൻ ബംഗ്ലാവ് എന്നിങ്ങനെയാണ് അനുവദിച്ചത്.
ലീഗ് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിക്ക് ലൈന്ത്രസ്റ്റ്, എൻ ഷംസുദീൻ നെസ്റ്റ്, കെ എം ഷാജിക്ക് പൗർണ്ണമി, പികെ ബഷീറിന് ഉഷസ്, വി ഇ അബ്ദുൽ ഗഫൂറിന് കവടിയാർ ഹൗസ് എന്നീ വസതികൾ അനുവദിച്ചു. മോൻസ് ജോസഫിന് പെരിയാർ, ഷിബു ബേബി ജോണിന് എസ്സെൻഡേൻ, സിപി ജോണിന് റോസ് ഹൗസ് എന്നിങ്ങനെയാണ് ഔദ്യോഗിക വസതികൾ അനുവദിച്ചത്.
തർക്കത്തിന് കാരണമായ നിള, സാനഡു, ഗ്രേസ് എന്നീ മന്ത്രിമന്ദിരങ്ങൾക്കായി നിരവധി പേർ രംഗത്തുണ്ടായിരുന്നു. മുൻ മന്ത്രിമാർ ഒഴിഞ്ഞ വസതികളിൽ അറ്റകുറ്റപ്പണികൾക്കായി 3.96 കോടി രൂപയുടെ എസ്റ്റിമേറ്റിനാണ് ഭരണാനുമതി ലഭിച്ചിരിക്കുന്നത്. ഇതിൽ 135.64 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ മാത്രം അറ്റകുറ്റപ്പണിക്കാണ്.
സാമ്പത്തിക പരാധീനത കണക്കിലെടുത്ത് അധികം മോടിപിടിപ്പിക്കലുകൾ വേണ്ടെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എന്നാൽ, വലിയ രീതിയിലുള്ള അറ്റകുറ്റപ്പണികൾ നടത്താതെ മന്ത്രിമാർക്ക് താമസം തുടങ്ങാൻ കഴിയില്ലെന്ന് പൊതുമരാമത്ത് സെക്രട്ടറി സർക്കാരിനെ അറിയിച്ചു. വസതികളിലെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.