Banner Ads

ക്രിക്കറ്റ് കളിയിലെ തർക്കം ചോരക്കളിയിലവസാനിച്ചു; കാസർകോട് യുവാവിനെ കുത്തിക്കൊന്നു, പ്രതികൾ ഒളിവിൽ

കാസർകോട് : ബദിയടുക്കയിൽ ക്രിക്കറ്റ് കളിക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റു മരിച്ചു. മാർപ്പനടുക്ക സ്വദേശി ബി കെ സുരേഷ് ആണ് കൊല്ലപ്പെട്ടത്. മാർപ്പനടുക്ക ബദ്രു കുഡ്‌ലുവിലാണ് യുവാവിനെ കുത്തിക്കൊന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് മാർപ്പനടുക്ക സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയടുക്ക പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

കഴിഞ്ഞ ദിവസം കുമ്പഡാജെ ഗ്രാമപഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിനിടെ സുരേഷും പ്രതികളും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമ ണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. മാർപ്പിനടുക്ക ജംഗ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റിന് സമീപത്ത് വച്ച് പ്രതിയായ കിരൺ ആണ് സുരേഷിനെ കത്തി ഉപയോഗിച്ച് കുത്തിയത്.

സുഹൃത്തായ അഖിലേഷ് ഒത്താശയും സഹായവും നൽകിയതായും എഫ്ഐആറിൽ പറയുന്നു. സംഭവത്തിൽ ബദിയടുക്ക പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിലവിൽ ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായി പൊലീസ് അധികൃതർ അറിയിച്ചു.