
കോഴഞ്ചേരി:വീട്ടു മുറ്റത്തെ കിണറ്റിലെ വെള്ളത്തിന്റെ അളവ് നോക്കുന്നതിനിടെ 92 കാരി കിണറ്റിൽവീണു.തുടർന്ന് നാട്ടുകാരും ആറന്മുള പോലീസും ചേർന്ന് രക്ഷിച്ചു. കോഴഞ്ചേരി തെക്കേമല ട്രയംഫന്റ് ജങ്ഷനു സമീപമുള്ള നടുവിലേതിൽ ഗൗരി (92) ആണ്) വീണത് കാര്യമായ പരിക്കില്ല. ചൂടുമൂലം ജലക്ഷാമമുള്ള പ്രദേശത്ത് കിണറുകൾ വറ്റിത്തുടങ്ങിയിരുന്നു.
സ്വന്തം കിണറ്റിലെ വെള്ളത്തിന്റെ നില നോക്കാൻ കസേരയിട്ട് അതിൽ കയറി നോക്കുമ്ബോഴാണ് കാൽതെറ്റി മുപ്പതടിയോളം താഴ്ചയിലേക്കുവീണത്. മകൻ ഓമനക്കുട്ടനും ഭാര്യ മിനിയും ജോലിക്ക് പോയതിനാൽ വീട്ടിൽ ആസമയം മറ്റാരും ഉണ്ടായിരുന്നില്ല.ചൊവ്വാഴ്ച പകൽ 12 മണിയോടെയാണ് സംഭവം.സംഭവംകണ്ട അയൽവാസി ശിവൻകുട്ടി പഞ്ചായത്തംഗം സോണി കൊച്ചുതുണ്ടിയിലിനെ വിവരമറിയിച്ചു.
സോണി വിവരം അറിയിച്ചതിനെ തുടർന്ന് ആറന്മുള പോലീസ് സ്ഥലത്തെത്തി. അപ്പോഴേക്കും നാട്ടുകാർ കിണറ്റിലിറങ്ങി ഗൗരിയെ കസേരയിലിരുത്തി. വടം കസേരയിൽകെട്ടി സുരക്ഷിതമായി കരയിലെത്തിച്ചു. കിണറ്റിൽ മൂന്നടിയോളം വെള്ളം ഉണ്ടായിരുന്നു. നാട്ടുകാർ ചെല്ലുമ്ബോൾ ഗൗരി എഴുന്നേറ്റുനിൽക്കുകയായിരുന്നു. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെത്തിച്ച ഗൗരിയെ പ്രഥമശുശ്രൂഷകൾക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു